പാലാ: നഗരത്തിലെ ചെത്തിമറ്റം തൃക്കയിൽ റോഡിലെ യാത്രദുരിതം സംബന്ധിച്ച വിഷയത്തിൽ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അടിയന്തിര ഇടപെടൽ. ചെയർമാന്റെ നിർദേശത്തെ തുടർന്ന് ചെളിക്കുഴിയായി കിടന്ന റോഡിന്റെ ഒരുവശത്ത് ഇന്നലെ രാവിലെ ജെ.സി.ബി ഉപയോഗിച്ച് കനത്തിൽ പാറമക്ക് നിരത്തി. ഇതോടെ കാൽനടയാത്ര സാധ്യമായി. കഴിഞ്ഞദിവസം മുനിസിപ്പൽ തൊഴിലാളികൾ റോഡിൽ മക്ക് നിരത്തിയെങ്കിലും അതുകൊണ്ട് പ്രയോജനമുണ്ടായിരുന്നില്ല. ജനങ്ങൾക്ക് യാത്രാക്ലേശം ഏറുകയും ചെയ്തു. കേരളകൗമുദി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇത് ചൂണ്ടിക്കാട്ടിയതോടെ ഇന്നലെ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പ്രശ്‌നത്തിൽ വീണ്ടും ഇടപെടുകയായിരുന്നു. റോഡിൽ കനത്തിൽ മക്ക് വിരിച്ചതോടെ കാൽനടയാത്ര സാധ്യമായതായി റോഡ് സംരക്ഷണ സമിതി കൺവീനർ കെ. ഗോപി പറഞ്ഞു.
അതേസമയം ചെത്തിമറ്റം തൃക്കയിൽ കടവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി 26 ന് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ 9 കൗൺസിലർമാർ ഒപ്പിട്ട നിവേദനം മുനിസിപ്പൽ ചെയർമാന് കൈമാറി.
കൗൺസിലർമാരായ ജോസ് എടേട്ട്, പ്രിൻസ് വി സി, ജിമ്മി ജോസഫ്, മായാ രാഹുൽ ,സിജി ടോണി, ലിസിക്കുട്ടി മാത്യു, ആനി ബിജോയി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
നുണപ്രചരണം അവസാനിപ്പിക്കണം
തൃക്കയിൽകടവ് റോഡ് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാർഗ്ഗം ഉണ്ടാക്കിയെന്ന നുണപ്രചരണം നടത്തുന്ന മുനിസിപ്പൽ ചെയർമാനും കൗൺസിലറും ക്ഷേത്രവിശ്വാസികളോടും സെമിനാരിയിലെ വൈദികരോടും നാട്ടുകാരോടും സത്യസന്ധത ബോധിപ്പിക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും ഷോജി ഗോപി ആവശ്യപ്പെട്ടു.
ഫോട്ടോ അടിക്കുറിപ്പ്:
ചെത്തിമറ്റം തൃക്കയിൽ കടവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര കൗൺസിൽ യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ചെയർമാന് നിവേദനം നൽകുന്നു.