കോട്ടയം : നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ട്രാഫിക് ഐലന്റിന്റെ സ്ഥാനത്ത് ഇപ്പോഴുള്ളത് ബക്കറ്റ് . കോട്ടയം നാഗമ്പടം നെഹ്‌റു പാർക്കിന് സമീപമാണ് ഐലന്റ് സ്ഥിതി ചെയ്യുന്നത്. മൂന്ന് റോഡുകൾ ചേരുന്നതും തിരക്കേറിയതുമായ ഭാഗമാണിത്. റെയിൽവേ, ശാസ്ത്രി റോഡ്, ബേക്കർ ജംഗ്ഷൻ, നാഗമ്പടം മേൽപ്പാലം എന്നിവിടങ്ങളിലേക്ക് പോകുന്നത് നാഗമ്പടം ബസ് സ്റ്റാൻഡിനു മുന്നിലൂടെയുള്ള റോഡിലൂടെയാണ്. വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. നാഗമ്പടം പോപ്പ് മൈതാനത്തിനും നെഹ്‌റു സ്റ്റേഡിയത്തിനും സമീപത്ത് റോഡിനു മദ്ധ്യഭാഗത്തായി മൂന്ന് വശത്തു നിന്നുമുള്ള വാഹനങ്ങൾ കടന്നു പോകുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കും, അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ട്രാഫിക് ഐലന്റ് സ്ഥാപിച്ചത്. എന്നാൽ ഇപ്പോൾ അവശേഷിപ്പായി അപകടാവസ്ഥയിൽ നിൽക്കുന്ന കമ്പിയും ഇതിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുമാണ്. നിലവിൽ മൂന്ന് വശത്തു നിന്നും എത്തുന്ന വാഹനങ്ങൾ സ്വയം നിയന്ത്രിച്ച് കടന്നു പോകേണ്ട സ്ഥിതിയാണ്. തോന്നുംപടി വാഹനങ്ങൾ എത്തുന്നതും അമിതവേഗതയും അപകടത്തിനും ഇടയാക്കുന്നു. പൊലീസിന്റെ സേവനവും ഇവിടെയില്ല. നാഗമ്പടം പള്ളി, മൈതാനം, സ്റ്റേഡിയം എന്നിവിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.