rail

കോട്ടയം. ഏറ്റുമാനൂർ -ചിങ്ങവനം റെയിൽവേ ഇരട്ടപ്പാതയിൽ സുരക്ഷാപരിശോധന നാളെ ന‌ടത്തും. തകരാറൊന്നും കണ്ടില്ലെങ്കിൽ 28 മുതൽ പുതിയ പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങും. ബംഗളൂരുവിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മിഷണർ അഭയ് കുമാർ റായ് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകുക. പ്രത്യേക കോച്ചിൽ സുരക്ഷാ കമ്മിഷണർ നടത്തുന്ന പരിശോധനയെത്തുടർന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. കഴിഞ്ഞ ദിവസം പുതിയ പാതയിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇത് വിജയമായിരുന്നു. ഇനി സിഗ്‌നലുകൾ നവീകരിക്കുകയും വേണം. ഇതിന്റെ ഭാഗമായി നാളെ മുതൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം കൂടുതൽ കടുപ്പിക്കും.

കോട്ടയം സ്‌റ്റേഷനിലെ രണ്ട് മുതൽ അഞ്ചു വരെ പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടാനുള്ള നടപടികളും നടക്കുന്നുണ്ട്. യാഡിലെ ലൈനുകൾ ബന്ധിപ്പിക്കുക, പുതിയ സിഗ്‌നൽ സ്ഥാപിക്കുക തുടങ്ങിയവയാണ് വേഗം പൂർത്തീകരിക്കേണ്ടത്. പ്ലാറ്റ്‌ഫോമുകൾ എറണാകുളം ഭാഗത്തേയ്ക്കാണ് നീട്ടുന്നത്. ഗുഡ്‌സ് പ്ലാറ്റ്‌ഫോമിന്റെയും നീളം വർദ്ധിപ്പിക്കും. പാസഞ്ചർ ട്രെയിനുകൾ നിറുത്തിയിടാനുള്ള ചെറിയ പ്ലാറ്റ്‌ഫോം പുതുതായി വരും. അഞ്ച് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് മേൽനടപ്പാലം, ലിഫ്‌റ്റ്, എസ്‌കലേറ്റർ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. പ്രധാന കെട്ടിടത്തിന്റെ നവീകരണം, പിൽഗ്രിം സെന്റർ, പാർക്കിംഗ് സമുച്ചയം എന്നിവയുടെ നിർമാണം പൂർത്തിയാക്കിയിരുന്നു.