ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇരട്ടമഹാലക്ഷാർച്ചനയ്ക്ക് ഭക്തിനിർഭരമായ തുടക്കം. മുഖ്യയജ്ഞാചാരൻ സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന അഷ്ടദ്രവ്യമഹാഗണപതി ഹോമത്തിന് ശേഷമാണ് ഇരട്ടമഹാലക്ഷാർച്ചനയ്ക്ക് തുടക്കമായത്. കലശപ്രതിഷ്ഠയ്ക്കും കലശപൂജയ്ക്കും ശേഷം 15 അർച്ചകർ ചേർന്ന് ലക്ഷാർച്ചനയ്ക്കായി ഉരുക്കഴിച്ചു. ഭക്തർ നേരിട്ട് പൂക്കൾ അർപ്പിച്ച് ലക്ഷാർച്ചനയിൽ പങ്കാളികളായി. ഉച്ചയ്ക്ക് അർച്ചനാ ഭക്ഷണം വിതരണം ചെയ്തു. ഇന്നലെ ലളിതാസഹസ്രനാമ അർച്ചനയാണ് ഉരുക്കഴിച്ചത്. ഇന്ന് ശിവസഹസ്രനാമം ലക്ഷം അർച്ചിക്കും. ഇന്നലെ വൈകിട്ട് കലശാഭിഷേകവും ലക്ഷാർച്ചന പ്രസാദ വിതരണവും പായസ വിതരണവും നടന്നു. ഇന്ന് രാവിലെ 8ന് മഹാലക്ഷാർച്ചനയ്ക്ക് മുന്നോടിയായി നടക്കുന്ന മഹാഗണപതി ഹോമത്തോടൊപ്പം രാജഹോമം എന്ന അതിവിശിഷ്ടമായ കർമ്മവുമുണ്ട്. രാവിലെ 8.30ന് കലശപൂജയും തുടർന്ന് ലക്ഷാർച്ചനയും ആരംഭിക്കും. ഉച്ചയ്ക്ക് 1 ന് അർച്ചനാ ഭക്ഷണവിതരണം, വൈകിട്ട് 7 ന് കലശാഭിഷേകവും ലക്ഷാർച്ചന പ്രസാദ വിതരണവും പായസവിതരണവും നടക്കും.രാജ ഹോമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഭക്തർ രാവിലെ 8ന് ക്ഷേത്രത്തിലെത്തണം.