
നാലുമാസത്തെ പരിശീലനം
വൈക്കം:വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് ഇനി അഞ്ചു വയസുകാരൻ നീരജ് ശ്രീകാന്തിന്. വെറും നാലുമാസത്തെ പരിശീലനത്തിന്റെ പിൻബലത്തിൽ ഈ കുഞ്ഞു താരം കൈവരിച്ച നേട്ടം ഏവർക്കും വിസ്‌മയമായി. മൂന്നര കിലോമീറ്റർ രണ്ടു മണിക്കൂറിലാണ് പിന്നിട്ടത്. ശക്തമായ ഒഴുക്കും ഇടവിട്ട് പെയ്ത മഴയും തണുപ്പും അതിജീവിച്ചാണ് ഈ സാഹസികത.
കോതമംഗലം അടിവാട് പല്ലാരിമംഗലം കണ്ണാപറമ്പിൽ ശ്രീകാന്ത്-അനുപമ ദമ്പതികളുടെ ഏകമകനാണ് നീരജ് ശ്രീകാന്ത്. പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ് മിടുക്കൻ.
ജനുവരിയിൽ ഏഴുവയസുകാരി ജുവൽ മറിയം ബേസിലും കഴിഞ്ഞ നവംബറിൽ അനന്ത ദർശൻ എന്ന 13 വയസുകാരനും വേമ്പനാട്ടുകായൽ നീന്തിക്കടന്നിരുന്നു. അനന്തദർശൻ രണ്ടുകൈയും കെട്ടിയാണ് നീന്തിയത്. രണ്ട് പേരുടെയും നേട്ടങ്ങൾ ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നീരജ് ശ്രീകാന്തിന്റെ റെക്കോഡ് രേഖ്രപ്പെടുത്താൻ ഇന്ത്യ ബുക്കിന് അപേക്ഷ നൽകും.
മൂവരും കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ളബിലെ പരിശീലകൻ ബിജു തങ്കപ്പന്റെ ശിഷ്യരാണ്. വെറും നാല് മാസം മുമ്പാണ് നീരജ് ശ്രീകാന്ത് ആദ്യമായി ആഴമുള്ള വെള്ളത്തിൽ ഇറങ്ങിയതെന്ന് ബിജു തങ്കപ്പൻ പറഞ്ഞു.
ഇന്നലെ രാവിലെ 8.47ന് ആലപ്പുഴ എം.പി ആരിഫിന്റെയും നാട്ടുകാരുടെയും കൂട്ടുകാരുടയും കരഘോഷത്തിനിടെയാണ് നീരജ് ചേർത്തല തവണക്കടവിൽ നിന്ന് നീന്തൽ ആരംഭിച്ചത്. പരിശീലകൻ ബിജു തങ്കപ്പൻ മുന്നിൽ നീന്തി. ഒപ്പം നീന്തൽ പരിശീലിക്കുന്നവരും ധീരജിന്റ മാതാപിതാക്കളും ബന്ധുക്കളും വള്ളത്തിൽ അനുഗമിച്ചു. വൈക്കം കോവിലകത്തുംകടവ് ചന്തക്കടവിലേക്ക് നീന്തിക്കയറിയ നീരജിനെ നഗരസഭാ ചെയർപേഴ്‌സൺ രേണുക രതീഷിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി സ്വീകരിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ ദേവാനന്ദ് ഗാനമാലപിച്ചും ഉപഹാരം നൽകിയും അനുമോദിച്ചു.
അനുമോദന യോഗം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു
ക്യാപ്ഷൻ: വേമ്പനാട്ടുകായലിനു കുറുകെ നീന്തി അഞ്ചു വയസുകാരൻ നീരജ് ശ്രീകാന്ത് വൈക്കം കോവിലകത്തും കടവിലെത്തിയപ്പോൾ