മൂടിയില്ല, പുല്ല് വളർന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു
ചങ്ങനാശേരി: ആകെ കാടും പടർപ്പും..... ഇവിടെയാരു ഓടയുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അപകടം സംഭവിക്കുമ്പോൾ മാത്രം ഓടയെക്കുറിച്ച് ഓർമ്മ വരും. ചങ്ങനാശേരി നഗരസഭ 15-ാം വാർഡിൽ എൻ.എസ്.എസ് കോളേജിന് സമീപത്തെ റോഡിലെ ഓടയാണ് കെണിയായി മാറുന്നത്. മൂടിയില്ലാത്ത ഓടയ്ക്ക് മുകളിൽ പുല്ലും കാടും വളർന്ന് പന്തലിച്ച നിലയിലാണ്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് ഓട മണ്ണിട്ട് മൂടിയ നിലയിലുമാണ്. ബൈപ്പാസ് റോഡിലേക്കും റെയിൽവേ ക്രോസിലേക്കും കവിയൂർ റോഡിലേക്കും പോകുന്ന റോഡിലാണ് ഓട കൈയേറി മണ്ണിട്ടു നികത്തിയിരിക്കുന്നത്. മഴപെയ്യുമ്പോൾ റോഡിലേക്ക് വെള്ളം ശക്തമായി ഒഴുകി റോഡരികും റോഡും തകർന്ന നിലയിലാണ്. ദിനം പ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.
മറിയും ഉറപ്പ്!
മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനായി വാഹനങ്ങൾ റോഡിന്റെ വശത്തേയ്ക്ക് മാറ്റുന്നതിനിടെ മൂടിയില്ലാത്ത ഓടയിലേക്ക് വാഹനങ്ങൾ മറിയാൻ ഇടയാക്കും. ശക്തമായ മഴ പെയ്യുമ്പോൾ റോഡിൽ വെള്ളക്കെട്ട് പതിവാണ്. മുൻപ് മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി ഓടകളും റോഡരികുകളും വൃത്തിയാക്കൽ നടന്നിരുന്നു. ഇത്തവണ ശുചീകരണമൊന്നും നടന്നിട്ടില്ല.