മുണ്ടക്കയം: കഴിഞ്ഞവർഷത്തെ പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മഴക്കാലത്തിനു മുന്നോടിയായി മുന്നൊരുക്കങ്ങളുമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ കൂട്ടിക്കൽ പഞ്ചായത്ത് പ്രളയ മുന്നൊരുക്കങ്ങൾ ശക്തമാക്കിയത്തിനു പിന്നാലെയാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്തും മുന്നൊരുക്കങ്ങൾ ശക്തമാക്കിയത്. കഴിഞ്ഞ പ്രളയത്തിൽ മണിമലയാറ്റിൽ വന്നടിഞ്ഞ മണലും, കല്ലും ഒരു പരിധിവരെ നീക്കംചെയ്യാൻ കഴിഞ്ഞത് വലിയ വിജയമായാണ് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തുന്നത്. 1500 അധികം ലോഡ് മണൽ നീക്കം ചെയ്യാൻ സാധിച്ചു. കഴിഞ്ഞ ദിവസത്തെ മഴയിൽ പുത്തൻചന്ത, മുളങ്കയം ഭാഗത്ത് ജലനിരപ്പ് വലിയതോതിൽ ഉയരാഞ്ഞത് ആറ്റിലെ മണൽ നീക്കിയതുകൊണ്ടാണെന്നും വിലയിരുത്തപ്പെടുന്നു. മഴക്കാലത്തിനു മുന്നോടിയായി വിവിധ വാർഡുകളിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് സേന രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇവർക്ക് ആവശ്യമായ പരിശീലനം വരും ദിവസങ്ങളിൽ നൽകും.

ക്യാമ്പുകൾ തുറക്കും

അടിയന്തര സാഹചര്യമുണ്ടായാൽ പഞ്ചായത്തിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ തുറക്കും. ജലനിരപ്പ് അപകടകരമാംവിധം ഉയർന്നാൽ മണിമലയാറിന്റെ തീരപ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.