
കോട്ടയം . ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും, മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. www.swavlambancard.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവ മുഖേന രജിസ്‌ട്രേഷൻ നടത്തുന്നതിന് അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടതില്ല. അപേക്ഷയും അപ് ലോഡ് ചെയ്യേണ്ട ഫോട്ടോ,ഒപ്പ് ,വിരൽ അടയാളം, ആധാർ കാർഡ് എന്നിവയുമായി മ റ്റാരെങ്കിലും എത്തി രജിസ്‌ട്രേഷൻ നടത്താം. സ്മാർട്ട്‌ഫോൺ മുഖേന വീട്ടിലിരുന്ന് സ്വന്തമായും രജിസ്‌ട്രേഷൻ നടത്താം. നിലവിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുള്ളവർ അപേക്ഷയോടൊപ്പം അതും അപ് ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും പുതുക്കേണ്ടവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ മെഡിക്കൽ ബോർഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരം അനുസരിച്ച് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും കാർഡും തത്സമയം നൽകും. നിലവിൽ കാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് ആധികാരിക രേഖയാണ് കാർഡ്. രജിസ്‌ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിലും അങ്കണവാടികളിലും ലഭ്യമാണ്.