ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രണ്ടുദിവസമായി നടന്നുവന്ന ഇരട്ടമഹാലക്ഷാർച്ചനയ്ക്ക് ഭക്തിനിർഭരമായ സമാപനം. മുഖ്യയജ്ഞാചാര്യൻ സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് രണ്ടാം ദിവസത്തെ മഹാലക്ഷാർച്ചന ആരംഭിച്ചത്.

അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനിടെ മലർ നിവേദിച്ച സവിശേഷമായ രാജഹോമം അതിവിശിഷ്ടമായി. ''ശ്രീ മഹാഗണപതയേ നമഃ'' മന്ത്രംകൊണ്ട് ചൈതന്യധന്യമായ അന്തരീക്ഷത്തിൽ ഭക്തർ സമർപ്പിച്ച മലർ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാഗണപതിഹോമ മുഹൂർത്തത്തിൽ ഹോമകുണ്ഡത്തിലർപ്പിച്ചു.

ഇന്നലെ ശിവസഹസ്രനാമ അർച്ചനയാണ് ലക്ഷം ഉരുക്കഴിച്ചത്. കലശപൂജയും അർച്ചനാഭക്ഷണ വിതരണവും ഉണ്ടായിരുന്നു. വൈകിട്ട് ലക്ഷാർച്ചന സമാപന ഭാഗമായി മന്ത്രസിദ്ധി വരുത്തിയ കലശം ഉമാമഹേശ്വര സന്നിധിയിലേക്ക് താളമേളങ്ങളോടെ എഴുന്നള്ളിച്ചു. തുടർന്ന് കലശാഭിഷേകം, ലക്ഷാർച്ചന പ്രസാദ വിതരണം എന്നിവ നടന്നു. മുഖ്യകാർമ്മികൻ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിനും സഹകാർമ്മികർക്കും ദക്ഷിണ സമർപ്പിച്ചതോടെ ഇരട്ടമഹാലക്ഷാർച്ചനയ്ക്ക് പരിസമാപ്തിയായി.