പാലാ: പ്രമുഖ സാഹിത്യകാരനായിരുന്ന അമ്പാടി ബാലകൃഷ്ണൻ നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ അമ്പാടി ബാലകൃഷ്ണൻ പുരസ്‌കാരം സാഹിത്യകാരൻ എസ്.പി നമ്പൂതിരിക്ക്. മീനച്ചിൽ താലൂക്കിലെ ഏറ്റവും ശ്രദ്ധേയരായ ഗ്രന്ഥകർത്താക്കൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. 5000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുന്നത്.

ഏഴാച്ചേരി നാഷണൽ ലൈബ്രറിയുടെ സ്ഥാപക പ്രവർത്തകനും ഗ്രന്ഥാകരനുമായിരുന്ന അമ്പാടി ബാലകൃഷ്ണന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്‌കാരം നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് സമ്മാനിക്കുന്നത്.

അവാർഡ് ജേതാവായ എസ്.പി. നമ്പൂതിരി കവി, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. കുറിച്ചിത്താനം സ്വദേശിയാണ്. മെയ് 29 ന് രാവിലെ 9.30 ന് ഏഴാച്ചേരി നാഷണൽ ലൈബ്രറി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ.എ എസ്.പി നമ്പൂതിരിക്ക് അമ്പാടി ബാലകൃഷ്ണൻ പുരസ്‌കാരം സമർപ്പിക്കും. റെയിൽവെ ജീവിതകാലത്തെ പശ്ചാത്തലമാക്കി അമ്പാടി ബാലകൃഷ്ണൻ എഴുതിയ കരിമഷിക്കോലങ്ങൾ എന്ന നോവൽ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. പ്രമുഖ സാംസ്‌കാരിക സാമൂഹ്യ നേതാക്കൾ പങ്കെടുക്കും.