കരീമഠം: എങ്ങനെ വഴിനടക്കും. ആകെയുള്ള റോഡ് ചെളിക്കുണ്ടും. കാലുകുത്തിയാൽ നടുതല്ലി വീഴുമെന്ന അവസ്ഥ. അയ്മനം 1ാം വാർഡിലെ കൊല്ലത്തുകരി കരീമഠം റോഡിലെ യാത്ര കരീമഠത്തുകാർക്ക് ശരിക്കും ദുരിതമായി മാറുകയാണ്. ഫണ്ട് അനുവദിച്ചിട്ടും റോഡ് ഗതാഗതയോഗ്യമാക്കാൻ അധികാരികൾക്കായില്ല. ഇപ്പോൾ മഴയിൽ റോഡ് പൂർണമായും ചെളിനിറഞ്ഞ നിലയിലാണ്. സുരേഷ് കുറുപ്പ് എം.എൽ.എയായിരിക്കെ 2020ലാണ് റോഡ് നിർമ്മാണത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചത്. റോഡ്‌ നിർമ്മാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. റോഡ് നിർമ്മാണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. ജനകീയ സമിതി ഭാരവാഹികളായ കൺവീനർ സജിമോൻ പി.എസ് അദ്ധ്യക്ഷത വഹിച്ചു. പൗരസമിതി പ്രസിഡന്റ് ഉണ്ണിക്കുട്ടൻ എസ്, വൈസ് പ്രസിഡന്റ് ജയ്‌മോൻ കരീമഠം, റജിമോൻ കെ.കെ, സനീഷ് പി എസ് എന്നിവർ നേതൃത്വം നൽകി.


കൊല്ലത്ത്കരി കരിമഠം റോഡിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതാണ് ജോലികൾക്ക് തടസമായത് .മഴ മാറിയാൽ ഉടൻ റോഡ് നിർമ്മാണം പൂർത്തിയാക്കും.

മനോജ് കരീമഠം
അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്



2020 ൽ ഫണ്ട് അനുവദിച്ചതാണ് അധികാരികളുടെ അനാസ്ഥയാണ് പണി വൈകാൻ കാരണം. സ്‌കൂൾ തുറക്കുകയാണ്. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കണം.

സജിമോൻ പി എസ് (ജനകീയ സമിതി കൺവീനർ)