
പാലാ: കുളിമുറിയിലിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കിടങ്ങൂർ സൗത്ത് ചിറപ്പുറം ഞാറക്കാട്ടിൽ ജയേഷ് -ശരണ്യ ദമ്പതികളുടെ ഏകമകൾ ഭാഗ്യയാണ് മരിച്ചത്. ഒരാഴ്ചയായി അമ്മവീടായ ചെമ്പിളാവ് വളർകോട്ടായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം. ശരണ്യയുടെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ഇടയ്ക്ക് കാണാതായി. തെരച്ചിലിനൊടുവിൽ കുളിമുറിയിലെ ബക്കറ്റിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാമപുരത്ത് ബിവറേജസിൽ ജോലിക്കാരനാണ് പിതാവ് ജയേഷ്. സംഭവ സമയത്ത് ജയേഷ് വീട്ടിലില്ലായിരുന്നു.