പൊൻകുന്നം: കെ.വി.എം.എസ് റോഡിലെ കോംപ്ലക്‌സിൽ വൻ തീപിടിത്തം. മൂന്നുഷട്ടറുകൾക്കുള്ളിൽ തീപടർന്ന് കടകൾ കത്തിനശിച്ചു. ചിറക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപം പൊൻകുന്നം ഞള്ളത്തിൽ രാജാലയം അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇന്നലെ വൈകീട്ട് 7.15ന് തീപിടിത്തമുണ്ടായത്. അശോക് കുമാറിന്റെ സ്റ്റാർ ഓട്ടോ സ്‌പെയേഴ്‌സ് എന്ന സ്‌പെയർപാർട്‌സ് കടയിലാണ് ആദ്യം തീപടർന്നത്. കടയടച്ച് അശോക് കുമാർ വീട്ടിലേക്ക് പോയിരുന്നു. ഇതിനുള്ളിൽ നിന്ന് പുറത്തേക്ക് തീപടർന്ന് സമീപത്തെ കടകളിലേക്കും വ്യാപിച്ചു.
കുന്നുംഭാഗം മുണ്ടുവേലിക്കുന്നേൽ ബിനോയി മാത്യുവിന്റെ ഓയിൽകടയാണ് മൂന്നുഷട്ടറിലായുള്ളത്. തൊട്ടടുത്ത് ഇദ്ദേഹത്തിന്റെ തന്നെ ഏയ്ഞ്ചൽ ഓട്ടോപാർട്‌സിൽ നാശമുണ്ടായില്ല. കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ രണ്ടുമണിക്കൂർ നേരത്തെ ശ്രമഫലമായാണ് തീയണച്ചത്. കെട്ടിടത്തിന്റെ മുകൾനിലയിലെ ഓയിൽകടയുടെ സംഭരണശാലയിലേക്ക് തീപടർന്നാൽ സമീപത്തെ കെട്ടിടങ്ങളും അപകടസാധ്യതയിലാവുമെന്ന് കണ്ട് തീപടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
ഓയിൽ, റബ്ബർ പാർട്‌സ് ഉൾപ്പെടെയുള്ളവയിൽ തീപടർന്നതോടെ പെട്ടെന്ന് പരിസരമാകെ തീയും പുകയും നിറഞ്ഞു. ഇതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിനോയിയെ പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊൻകുന്നം കെ.വി.എം.എസ്.റോഡിലെ കടകളിൽ പടർന്ന തീയണയ്ക്കാനുള്ള ശ്രമം