പാലാ: മാണി സി.കാപ്പൻ എം.എൽ.എ നേരിട്ട് ഇടപെട്ടതോടെ മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ രൂപപ്പെട്ട കുഴികൾ പൊതുമരാമത്ത് വകുപ്പ് അടച്ചു. കുഴികളിൽ ചാടി വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമായിരുന്നു. കനത്ത മഴ പെയ്താലോ രാത്രിയായാലോ ഈ കുഴികൾ ഡ്രൈവർമാർക്ക് കാണാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇത് സംബന്ധിച്ച് ' കേരളകൗമുദി ' നേരത്തേ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ റോഡിലെ കുഴികളടയ്ക്കാൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്നു സംഭവസ്ഥലത്തെത്തിയ എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് അധികൃതർ റോഡിലെ കുഴികൾ പാറപ്പൊടിയും മറ്റുമിട്ട് അടയ്ക്കുകയായിരുന്നു. ഇത് തുടർന്നുള്ള മഴയിൽ ഒഴുകിപ്പോകാനുമിടയുണ്ട്. ഈ ഭാഗത്ത് ടൈൽ പാകാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായി മാണി സി.കാപ്പൻ അറിയിച്ചു. മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അഡ്വ ബേബി സൈമൺ, ടി വി ജോർജ്, എം പി കൃഷ്ണൻനായർ എന്നിവരും എം.എൽഎയ്‌ക്കൊപ്പം ഉണ്ടായിരുന്നു.