കരിമണ്ണൂർ: പഴയ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് അഞ്ചര വയസുകാരൻ മരിച്ചു. മുളപ്പുറം ഈന്തുങ്കൽ പരേതനായ ജെയ്‌സന്റെ മകൻ റയാൻ ജോർജ് ജെയ്‌സനാണ് മരിച്ചത്. മുളപ്പുറം അങ്കണവാടിയിലെ വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. പഴയ വീടിന്റെ മേൽക്കൂര പൊളിച്ചു വിറ്റതിന്‌ ശേഷം പൊളിച്ചു നീക്കാതെ മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് ഇടിഞ്ഞു വിഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: രേഷ്മ. സഹോദരങ്ങൾ: റോസ് മേരി (നഴ്‌സിംഗ് വിദ്യാർത്ഥി), റോണി (വിദ്യാർത്ഥി നിർമ്മല കോളേജ്, മൂവാറ്റുപുഴ), റീനു (പ്ലസ് വൺ വിദ്യാർത്ഥി സെന്റ് ജോസഫ് എച്ച്.എസ്.എസ് കരിമണ്ണൂർ). കരിമണ്ണൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.