ചങ്ങനാശേരി : പോള തിങ്ങിനിറഞ്ഞതോടെ ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ നിന്നുള്ള യാത്രാ ബോട്ട് സർവീസ് നിറുത്തിയതിൽ പ്രതിഷേധം ശക്തം. കെ.സി പാലം എത്രയും പെട്ടെന്ന് പൊളിച്ചു പണിത് ജലഗതാഗതം സുഗമമാക്കാൻ ബോട്ട് ജെട്ടിയിൽ നിന്നുള്ള മൂന്ന് ബോട്ടുകൾ നന്നാക്കാൻ ആലപ്പുഴയ്ക്ക് കൊണ്ടുപോയ ശേഷം തിരികെ നൽകിയിട്ടില്ല. പോള തിങ്ങിനിറഞ്ഞതിനാൽ ബോട്ടുകൾക്കും വള്ളങ്ങൾക്കും ജെട്ടിയിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ല. ഒന്നരക്കിലോ മീറ്ററോളം തോട്ടിൽ പോള തിങ്ങിയിരിക്കുകയാണ്. മഴക്കാലം തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോൾ പോലും തോട്ടിലെ പോള നീക്കം ചെയ്യുന്നതിനുള്ള നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. സ്റ്റേഷൻ മാസ്റ്ററുമായി നടത്തിയ ചർച്ചയിൽ കുട്ടനാട്ടിലെ കാവാലം, കുന്നങ്കരി, വെളിയനാട്, കിടങ്ങറ, വെട്ടിത്തുരുത്ത് പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും സ്‌കൂളുകൾ തുറക്കുന്ന സമയമായതിനാൽ വിദ്യാർത്ഥികൾക്കും ചങ്ങനാശേരിയിലേക്ക് എത്തുന്നതിന് വേണ്ട ബോട്ട് സർവീസുകൾ അടിയന്തിരമായി ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ബി.ജെ.പി ടൗൺ സൗത്ത്, ടൗൺ നോർത്ത് ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ബോട്ട് ജെട്ടിയിലേക്ക് പ്രകടനവും പ്രതിഷേധ ധർണ്ണയും നടന്നു. ബി.ജെ.പി മധ്യമേഖലാ ഉപാദ്ധ്യക്ഷൻ എൻ.പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാണ് അദ്ധ്യക്ഷത വഹിച്ചു. എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് കെ ആർ പ്രദീപ് ,മണ്ഡലം സെക്രട്ടറിമാരായ അഡ്വ.സുഭാഷ് കോയിക്കൽ, കെ.കെ സുനിൽ, പി. സുരേന്ദ്രനാഥ്, കൺസിലർ പി. ആർ വിഷ്ണുദാസ്, ജയിംസ്, സുദർശനൻ പിള്ള, സുരേഷ്, രവീന്ദ്രൻ നായർ, പി.രാജേഷ്, പീതാംബരൻ എന്നിവർ പങ്കെടുത്തു.