പൊൻകുന്നം : ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. വ്യാഴാഴ്ച നടന്ന കാരുണ്യപ്ലസ് ലോട്ടറി (കെ.എൻ.422) യുടെ ടിക്കറ്റിൽ തിരുത്തൽ വരുത്തി 5,000 രൂപയുടെയും, 2000 രൂപയുടെയും സമ്മാനത്തുക തട്ടിയെടുത്തു. ഏജന്റുമാരായ പൊൻകുന്നം സ്വദേശികളായ കോയിപ്പള്ളി കൊടുമണ്ണിൽ കെ.എം.ജേക്കബിന്റെ 5,000 രൂപ, ,നരിയനാനി മരംകൊള്ളിൽ കെ.എം.ജോസഫിന്റെ 2,000 രൂപാ എന്നിങ്ങനെയാണ് തട്ടിയെടുത്തത്. ഇവർ പൊൻകുന്നം പൊലീസിൽ പരാതി നൽകി. 423003 എന്ന ടിക്കറ്റിലെ 3 എന്ന നമ്പർ തിരുത്തി 8 ആക്കി.
5,000 രൂപ മുതൽ 10,000 രൂപ വരെ തട്ടിപ്പുസംഘം പലരെയും കബളിപ്പിച്ചതായി ഏജന്റുമാർ പറഞ്ഞു. കാഞ്ഞിരപ്പള്ളി, തമ്പലക്കാട്, വാഴൂർ, കറുകച്ചാൽ, ഈരാട്ടുപേട്ട എന്നിവടങ്ങളിലും തട്ടിപ്പ് നടന്നതായി പരാതിയുണ്ട്.