പാലാ : ടൗണിലെ കാടും പടലും തെളിക്കാൻ ആരും വന്നില്ല, ഒടുവിൽ ആം ആദ്മി പ്രവർത്തകർ ചൂലും വാക്കത്തിയും തൂമ്പയുമായി ഇറങ്ങി കാടു തെളിച്ചു. പാലാ ടൗണിൽ കുരിശുപള്ളികവലയിൽ നിന്ന് ജനറൽ ആശുപത്രി കവലയിലേയ്ക്കു പോകുന്ന ഫുട്പാത്തിൽ കാടു വളർന്നുകയറിയിരുന്നു. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം. ഭീതിയോടെയാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഇതുവഴി കടന്ന് പോയിരുന്നത്. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കാട് തെളിക്കാൻ അധികൃതർ അലംഭാവം പുലർത്തിയതിൽ പ്രതിഷേധിച്ചാണ് ആം ആദ്മി പ്രവർത്തകർ രംഗത്തെത്തിയത്. പാലാ നഗരസഭാധികൃതർ ശുചികരണപ്രവർത്തനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയിട്ടും, ശുചികരണ തൊഴിലാളികളും, തൊഴിലുറപ്പ് തൊഴിലാളികളും ഉണ്ടായിട്ടും ഇക്കാര്യത്തിൽ വേണ്ട നടപടി കാണിക്കുന്നില്ലെന്ന് ആം ആദ്മി പ്രവർത്തകർ കുറ്റപ്പെടുത്തി. കൺവീനർ ജയേഷ് ജോർജ്, സെക്രട്ടറി ജോയി കളരിക്കൽ, ബാലകൃഷ്ണൻ നായർ, ബിനു അറക്കൽ എന്നിവർ നേതൃത്വം നൽകി.