മാൻവെട്ടം : ഈ പാതാളക്കുഴി ഒന്ന് അടച്ചു കിട്ടാൻ ഇവർ മുട്ടാത്ത വാതിലുകളില്ല. വൻ കുഴികളിൽ വീണ് മടുത്ത വാഹനയാത്രക്കാരും നാട്ടുകാരും വീണ്ടും വീണ്ടും കൈകൂപ്പി ചോദിക്കുകയാണ് ഒന്ന് അടയ്ക്കുമോ ഇത്. അത്രയ്ക്ക് ദുരിതമാണ്. ഒരു ജീവൻ പൊലിയുന്നതിന് മുൻപ് ഇതിനുള്ള നടപടികൾ സ്വീകരിക്കണം. ഏറെ തിരക്കുള്ള ആലപ്പുഴ - കുറവിലങ്ങാട് പാതയിലെ മാൻവെട്ടം കവലയിലാണ് യാത്രക്കാർക്ക് കെണിയൊരുക്കി കുഴി രൂപപ്പെട്ടിരിക്കുന്നത്. പഴയ ടാർ മുഴുവൻ ഇളകി വൻകുഴികൾ രൂപപ്പെട്ട് ഈ ഭാഗം സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. മഴ കനത്തതോടെ ആകെ കുളമായി. കുറുപ്പന്തറയ്ക്കും കല്ലറയ്ക്കുമിടയിലെ പ്രധാന ജംഗ്ഷനാണിത്. മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ ഓടകൾ ഇല്ലാത്തതാണ് വെള്ളം കെട്ടിക്കിടന്ന് റോഡ് തകരാൻ ഇടയാക്കിയത്. കാലവർഷത്തിന് മുമ്പ് റോഡ് നവീകരിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് നേരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുറംതിരിഞ്ഞു നിൽക്കുകയാണ്.

ഭീതിയോടെ ഇരുചക്രവാഹന യാത്രികർ‌

ചരൽ കെട്ടികിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകസാദ്ധ്യതയേറെയാണ്. ശക്തമായ മഴ പെയ്താൽ മുട്ടറ്റം വെള്ളമാണ്. പുലർച്ചെ ഇതുവഴി വരുന്ന പത്ര വിതരണക്കാരും, മത്സ്യ വ്യാപാരികളുമാണ് അപകടത്തിൽപ്പെടുന്നതിലേറെയും. ഈ സമയം സഹായത്തിന് പോലും ആളെ കിട്ടില്ല. ശക്തമായ മഴയിൽ വെള്ളം കയറി വാഹനങ്ങൾ നിന്ന് പോകുന്നതും തുടർക്കഥയാണ്.

മാൻവെട്ടം കവല തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇരുചക്ര വാഹനങ്ങൾ എന്നും അപകടത്തിൽപ്പെടുന്നു. ഈ ഭാഗത്ത് വെള്ളം ഒഴുകി പോകുന്നതിനു ആവശ്യമായ ക്രമീകരണം ചെയ്യണം.

ദേവാദസ്, ഹോട്ടലുടമ