വൈക്കം : സാമൂഹ്യ പരിഷ്‌കർത്താവും നവോത്ഥാന നായകനുമായിരുന്ന പണ്ഡിറ്റ് കെ.പി കറുപ്പന്റെ നാമധേയത്തിൽ മൂത്തേടത്തുകാവ് കോട്ടച്ചിറയിൽ പ്രവർത്തിച്ചിരുന്ന വായനശാല മന്ദിരം പുനർനിർമ്മിച്ച് പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ 5 ലക്ഷം രൂപ ചെലവഴിച്ചാണ് ദീർഘകാലം ശോചനീയാവസ്ഥയിലായിരുന്ന വായനശാല മന്ദിരം പുനർനിർമ്മിച്ചത്. നവീകരിച്ച ലൈബ്രറി മന്ദിരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.ബി ബിബിൻ ,വൈസ് പ്രസിഡന്റ് ടി.എ.തങ്കച്ചൻ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.യു.വാവ, വി.കെ.ശ്രീകുമാർ, ഗീത ജോഷി, പി.ആർ.സാബു, എൻ.എസ്. അഭിലാഷ്, എം. കുട്ടപ്പൻ, പി ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.