മുണ്ടക്കയം : കല്ലേപാലത്തിൽ രൂപപ്പെട്ടിരിക്കുന്ന വിടവ് ചെറുവാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ദേശീയപാതയിൽ കോട്ടയം - ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്നതാണ് പാലം. പാലത്തിന് നടുവിലായി കോൺക്രീറ്റ് ഭാഗങ്ങൾ ചേരുന്ന സ്ഥലത്ത് വിടവ് അടച്ചിരുന്നത് ഇരുമ്പ് കേഡർ ഉപയോഗിച്ചായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം ഇത് ഇവിടെ കാണാനില്ല. പാലത്തിന്റെ മറു പകുതിയിൽ ഇരുമ്പ് കേഡറുണ്ട്. ഇത് ആരെങ്കിലും ഇളക്കിയെടുത്ത് കൊണ്ട് പോയതാണോയെന്നതാണ് സംശയം. ഓട്ടോറിക്ഷയുടെ ഉൾപ്പെടെ ചക്രം വിടവിൽ ചാടിയാൽ കേടുപാടുകൾ സംഭവിക്കുന്നത് പതിവായി. പാലത്തിന്റെ മറുവശത്ത്ത് കേഡറുള്ളതിനാൽ ഈ ഭാഗത്ത് കൂടി ചില വാഹനങ്ങൾ വെട്ടിച്ച് മാറ്റി കൊണ്ടുപോകുവാൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയാണ് ഇവിടെയുള്ളത്. കാൽനട യാത്രക്കാർ തിങ്ങി ഞെരുങ്ങിയാണ് യാത്ര ചെയ്യുന്നത്.