t

കോട്ടയം : ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സ്വകാര്യ ബസുകൾക്ക് സെക്കൻഡുകളുടെ വ്യത്യാസത്തിൽ സമയക്രമം നിശ്ചയിക്കുന്നതും നിരത്ത് കുരുതിക്കളമാക്കുന്നു. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയായി ഇവർ മരണപ്പാച്ചിൽ നടത്തിയിട്ടും പൊലീസും, മോട്ടോർവാഹന വകുപ്പും കാഴ്ചക്കാരുടെ റോളിലാണ്. 25 - 35 വയസിനിടയിലുള്ളവരാണ് ഒട്ടുമിക്ക സ്വകാര്യ ബസുകളിലെയും ഡ്രൈവർമാർ. ഡ്രൈവിംഗിലെ സാഹസികത മറ്റുള്ളവരെ കാട്ടാൻ ഇവർ നടത്തുന്ന ശ്രമങ്ങൾ നിരത്തിലെ ഓരോ ജീവനും ഭീഷണിയായിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയോടും കൂട്ടത്തിലെ മറ്റു ബസുകളോടും മത്സരിക്കേണ്ട സാഹചര്യം ഒത്തുവരുമ്പോഴാണ് അമിതവേഗം സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനസിലേക്ക് ഇരച്ചെത്തുന്നത്. രാവിലെയും വൈകിട്ടുമാണ് ബെല്ലും ബ്രേക്കുമില്ലാത്ത പാച്ചിൽ. മോട്ടോർ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ മിക്കതും സ്വകാര്യബസുകൾ പാലിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഒട്ടുമിക്ക ബസുകളിലും സ്പീഡ് ഗവർണർ ബന്ധം വേർപെടുത്തിയിട്ടുണ്ടാവും. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുക, ട്രാഫിക് സിഗ്നലുകൾ അവഗണിക്കുക, സിഗ്നലുകളിൽ വരിവരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടത്തുകൂടിയോ മറ്റോ മുന്നിലെത്തുക എന്നിവയാണ് പ്രധാന വിനോദങ്ങൾ. കഴിഞ്ഞ ദിവസം തവളക്കുഴിയിൽ വിദ്യാർത്ഥിനിയുടെ ജീവനെടുത്ത ആവേമരിയ ബസ് അമിതവേഗതയ്ക്ക് പേര് കേട്ടതാണ്. മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പായുന്ന ഈ ബസിനെതിരെ നിരവധി പരാതികൾ സമീപകാലത്ത് ഉയർന്നെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. കോട്ടയം - എറണാകുളം റൂട്ട് കൈയടക്കി വച്ചിരിക്കുന്നത് ഇവരുടെ ബസുകളാണ്. പണത്തിന്റെ ഹുങ്കിൽ പരാതികൾ ഒതുക്കി തീർക്കുകയാണ് പതിവ്.

ചോദ്യം ചെയ്താൽ അടി

അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ സംഘം ചേർന്ന് ആക്രമിക്കാറുണ്ട്. നേരത്തെ ഗതാഗതവകുപ്പിന്റെയും പൊലീസിന്റെയും നിരവധി പരിശീലന ക്ലാസുകൾ ഡ്രൈവർമാർക്കായി സംഘടിപ്പിക്കുമായിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അവ താത്കാലികമായി നിറുത്തിവച്ചു. പരിശീലന ക്ലാസുകളിൽ പങ്കെടുത്തവർക്ക് മാത്രം സ്റ്റേജ് കാരിയേജ് ബസുകൾ ഓടിക്കാനുള്ള അനുവാദം നൽകിയിരുന്നപ്പോൾ നിരത്തുകളിൽ ഇവർ മര്യാദാരാമന്മാരായിരുന്നു.

സ്പീഡ് ഗവർണർ അലർജി​

 മ്യൂസിക് സിസ്റ്റത്തിന്റെ അമിത ഉപയോഗം

 മ്യൂസിക്കൽ എയർ ഹോണുകൾ

 സ്പീഡ് ഗവർണർ കേബിൾ ഘടിപ്പിക്കാതിരിക്കുക

 ഡ്രൈവർ കാബിൻ തിരിക്കാറില്ല

 വാതിലുകൾ തുറന്നിടൽ

 അഗ്നിശമന ഉപകരണങ്ങളില്ല

 എമർജൻസി ഗ്ളാസിൽ സൺ ഫിലിം

 യൂണിഫോം, നെയിംബാഡ്ജ് ഇല്ല

താക്കീതുമായി വീട്ടമ്മമാർ

തവളക്കുഴിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസ് ഡ്രൈവർമാർക്ക് താക്കീതുമായി വീട്ടമ്മമാർ തെരുവിലിറങ്ങി. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ കാണക്കാരി കുരിശുപള്ളിപ്പടിയിൽ ബസുകൾ തടഞ്ഞ് നിറുത്തി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. വാർഡ് മെമ്പർമാരായ ത്രേസ്യാമ്മ സെബാസ്റ്റ്യൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു