പാലാ: നിയോജകമണ്ഡലത്തിലെ കലാകായികസാഹിത്യ രംഗങ്ങളിലെ മികച്ച പ്രതിഭകളെ ഓരോ വർഷവും അവാർഡ് നൽകി ആദരിക്കുമെന്ന് മാണി.സി കാപ്പൻ എം.എൽ.എ പറഞ്ഞു. ഇതിനായി വിപുലമായ തയാറെടുപ്പുകൾ ആരംഭിച്ചെന്നും അദ്ദേഹം തുടർന്നു.

ഏഴാച്ചേരി നാഷണൽ ലൈബ്രറി ഹാളിൽ അമ്പാടി ബാലകൃഷ്ണൻ സ്മാരക സാഹിത്യ പുരസ്‌കാരം കുറിച്ചിത്താനം എസ്.പി നമ്പൂതിരിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്യാഷ് അവാർഡും പ്രശസ്തി പത്രവും എസ്.പി നമ്പൂതിരിക്ക് സമർപ്പിച്ചു.

റെയിൽവേ ഉദ്യോഗസ്ഥനും പ്രമുഖ സാഹിത്യകാരനുമായിരുന്ന അമ്പാടി ബാലകൃഷ്ണന്റെ പേരിൽ കുടുംബാംഗങ്ങളും ഏഴാച്ചേരി നാഷനൽ ലൈബ്രറിയും ചേർന്നാണ് അവാർഡ് പ്രഖ്യാപിച്ചിരുന്നത്.

സമ്മേളനത്തിൽ അമ്പാടി ബാലകൃഷ്ണൻ അവസാനമായി എഴുതിയ ''കരിമഷിക്കോലങ്ങൾ'' എന്ന നോവലിന്റെ പ്രകാശനം ത്രിപുര മുൻ ഐ.ജി. എൻ.രാജേന്ദ്രൻ ഐ.പി.എസ് നിർവഹിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നോവൽ ഏറ്റുവാങ്ങി.

നാഷണൽ ലൈബ്രറി പ്രസിഡന്റ് ആർ. സനൽകുമാർ ചീങ്കല്ലേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റോയി ഫ്രാൻസിസ്, കെ.കെ ശാന്താറാം, അഡ്വ.ഏഴാച്ചേരി വി.ജി വേണുഗോപാൽ, അംബിക ബി. എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാവ് കുറിച്ചിത്താനം എസ്.പി. നമ്പൂതിരി മറുപടി പ്രസംഗം നടത്തി.


ഫോട്ടോ അടിക്കുറിപ്പ്

ഫോട്ടോ 1.
അമ്പാടി ബാലകൃഷ്ണൻ സ്മാരക സാഹിത്യ പുരസ്‌കാരം കുറിച്ചിത്താനം എസ്.പി. നമ്പൂതിരിക്ക് മാണി. സി. കാപ്പൻ എം.എൽ.എ. സമർപ്പിക്കുന്നു. എൻ. രാജേന്ദ്രൻ, ഷൈനി സന്തോഷ്, കെ.കെ. ശാന്താറാം, റോയി ഫ്രാൻസിസ്, ആർ. സനൽകുമാർ, അഡ്വ വി.ജി. വേണഗോപാൽ തുടങ്ങിയവർ സമീപം.