വെച്ചൂർ : പാടശേഖരത്തിന്റെ ഓരത്ത് പുറംലോകവുമായി ബന്ധപ്പെടാൻ സഞ്ചാരയോഗ്യമായ വഴിയില്ലാതെ പതിനഞ്ച് കുടുംബങ്ങൾ.

ആറു പതി​റ്റാണ്ടായി വെച്ചൂർ പഞ്ചായത്തിലെ വലിയ പുതുക്കരി, ഇട്ടിയേക്കാടൻകരി എന്നീ പാടശേഖരങ്ങൾക്ക് നടുവിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് ദുരിതം. 40 കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്തു നിന്ന് 25 കുടുംബങ്ങൾ വഴിയില്ലാത്തതിനാൽ മ​റ്റു സ്ഥലങ്ങളിലേക്ക് താമസം മാ​റ്റി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതിനാൽ 15 കുടുംബങ്ങൾ അവികസിത പ്രദേശത്ത് തുടരാൻ നിർബന്ധിതരാകുകയായിരുന്നു. വെച്ചൂർ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലൂടെ കടന്നുപോകുന്ന ദേവസ്വംകരി പാടശേഖരത്തിന്റ ഇടുങ്ങിയ പുറബണ്ടിലൂടെ രണ്ടു കിലോമീ​റ്ററോളം നടന്നാണ് ഇവർ ഗതാഗത യോഗ്യമായ വഴിയിലെത്തുന്നത്.

ദേവസ്വംകരി പാടശേഖരത്തിലെ തമ്പുരാൻകാവ് മുതൽ ദേവസ്വംകരി മോട്ടർതറ വരെയും ബണ്ടിന് വീതി വളരെ കുറഞ്ഞ മ​റ്റു ചില സ്ഥലങ്ങളിലും പാടശേഖര സമിതി ബണ്ട് പുനർ നിർമ്മിച്ചപ്പോൾ പ്രദേശവാസികൾ പിരിച്ചെടുത്ത പണം വിനിയോഗിച്ച് മണ്ണിട്ടുയർത്തിയിരുന്നു. മഴ കനത്തതോടെ മണ്ണ് ഒലിച്ചു പോയി കാൽനടയാത്ര ദുഷ്‌ക്കരമായി. പഞ്ചായത്ത് വഴിയൊരുക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും വഴിക്കായി കൂടുതൽ സ്ഥലം വിട്ടു നൽകേണ്ട ഉടമ വിമുഖത കാട്ടി.

പാമ്പിനെ പേടിച്ചാരും ഇതുവഴി നടക്കില്ല

പുല്ലു തഴച്ചുവളരുന്ന പാടശേഖരത്തിന്റെ പുറംബണ്ടും പരിസരവും വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമാണ്. രാത്രികാലങ്ങളിൽ ഭീതിയോടെയാണ് പ്രദേശവാസികൾ കടന്നുപോകുന്നത്. ഏതാനും വർഷം മുമ്പ് ദേവി വിലാസം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മോണിഷ പാമ്പുകടിയേ​റ്റ് മരിച്ചിരുന്നു. പ്രദേശവാസികളായ തങ്കമണി, മത്തായി, തങ്കച്ചൻ എന്നിവരെ വഴിയില്ലാത്തതിനാൽ യഥാസമം ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരണമടഞ്ഞു. നിലവിൽ ഇവിടെ താമസിക്കുന്ന പതിനഞ്ച് കുടുംബങ്ങളിൽ രണ്ടു വീട്ടുകാർക്കാണ് വള്ളമുള്ളത്. രോഗബാധിതരെ വള്ളത്തിൽ കയ​റ്റി ശാസ്തക്കുളം തോണി പാലത്തിലെത്തിച്ചാണ് വാഹനത്തിൽ കയ​റ്റി ആശുപത്രിയിലെത്തിക്കുന്നത്. ഗർഭിണികളെ ദിവസങ്ങൾക്ക് മുൻപ് പ്രസവത്തിനായി ആശുപത്രിയിലെത്തിക്കും.

ഞങ്ങളുടെ കുട്ടികൾ പഠിക്കണ്ടേ ?

കുട്ടികളെ അങ്കണവാടികളിൽ എത്തിക്കാൻ പോലും മാർഗമില്ല. മഴ ആരംഭിച്ചാൽ രണ്ടു ജോഡി വസ്ത്രവുമെടുത്താണ് മുതിർന്നവരും വിദ്യാർത്ഥികളും പോകുന്നത്. സഞ്ചാരയോഗ്യമായ വഴിയൊരുക്കാൻ വെച്ചൂർ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളായ തങ്കമ്മ നടരാജൻ, ശ്രീദേവിസതീശൻ , ഉഷാവിനോദ്, സാറാമ്മജോൺ , സുമ സജീവ് തുടങ്ങിയവർ ആവശ്യപ്പെട്ടു.