ഏറ്റുമാനൂർ : കാലവർഷമെത്തിയിട്ടും മഴക്കാല പൂർവശുചീകരണം താളംതെറ്റിയതോടെ ജനം പകർച്ചവ്യാധി ഭീതിയിൽ. തദ്ദേശസ്ഥാപനങ്ങളുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ എല്ലാവർഷവും കാലവർഷത്തിനു മുൻപായി ശുചീകരണം നടത്തിയിരുന്നു. ഇക്കൊല്ലം എല്ലാം പേരിന് മാത്രമായി. ഏറ്റുമാനൂർ നഗരസഭ പരിധിയിലും അതിരമ്പുഴ, നീണ്ടൂർ, കാണക്കാരി പഞ്ചായത്തുകളിലും ഇതുവരെ പൂർത്തിയായിട്ടില്ല. പല വാർഡുകളിലും തുടങ്ങിയിട്ട് പോലുമില്ല.
പാതകളുടെ ഇരുവശവും വൃത്തിയാക്കി സുഗമമായി വെള്ളം ഒഴുകുന്നതിനും വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും വേണ്ട ചാലുകൾ ഒരുക്കുക, ഓടകളിലും തോടുകളിലുമുള്ള തടസങ്ങൾ മാറ്റി ഒഴുക്ക് സുഗമമാക്കുക. ജലസ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക, ഭവന സന്ദർശനം നടത്തി കൊതുക് ഉറവിടങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ പ്രവൃത്തികളാണ് തദ്ദേശസ്ഥാപനങ്ങൾ ചെയ്തിരുന്നത്.
കണക്കുകളിൽ കൊവിഡ് വ്യാപനത്തോത് കുറവുണ്ടങ്കിലും ജനത്തിന്റെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് കൂനിന്മേൽകുരു പോലെ പകർച്ചവ്യാധി പിടിമുറുക്കുന്നത്. വിദ്യാലയങ്ങൾ നാളെ തുറക്കാനിരിക്കെ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
മഴക്കാല പൂർവശുചീകരണ പ്രവൃത്തികൾ നഗരപരിധിയിൽ നടക്കാത്തത് പ്രതിഷേധാർഹമാണ്. നഗരഭരണം ഉപചാപകവൃന്ദത്തിന്റെ പിടിയിലാണ്. ഒരു ചെറിയ മഴ പെയ്താൽ പാേലും പേരൂർ കവലയിൽ ഓട കവിഞ്ഞ് ഒഴുകുന്നത് നിത്യസംഭവമാണ്. ഓടയിലെ തടസങ്ങൾ നീക്കിയാൽ തീരാവുന്ന വിഷയമേയുള്ളൂ. നഗരസഭ കമ്മിറ്റി യോഗങ്ങളിൽ വിഷയം പലവട്ടം ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. വ്യാപാരി സംഘടനകൾ ഈ വിഷയം സൂചിപ്പിച്ച് നിരവധി തവണ പരാതികൾ നൽകിയിരുന്നു.
ഇ.എസ്.ബിജു, ഏറ്റുമാനൂർ നഗരസഭ പ്രതിപക്ഷേ നേതാവ്