മുണ്ടക്കയം : ഇടിമിന്നൽ നാശനഷ്ടം വ്യാപകമായിരുന്ന മടുക്ക ചകിരിമേട്ടിൽ ഇക്കുറി കാലവർഷത്തിൽ ഇടിമിന്നൽ ഭീതി വേണ്ട. എല്ലാ വീടുകളുടെയും മുകളിൽ മിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിച്ചു. കോരുത്തോട് പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ചകിരിമേട് ഇടിവെട്ടുംപാറ എന്നാണ് അറിയപ്പെട്ടിരുന്നത്. ട്രൈബൽ വിഭാഗങ്ങളായ 19 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇടിയിൽ തെങ്ങുകൾ വരെ നിന്ന് കത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾക്കും വൻനാശമാണ് സംഭവിച്ചിരുന്നത്. പട്ടികവർഗ വികസനവകുപ്പിന്റെ 22 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.