കോട്ടയം : പള്ളം ബ്ലോക്ക് പഞ്ചായത്തും, ആരോഗ്യവകുപ്പും ചേർന്ന് പുതുപ്പള്ളി ജോർജ്ജിയൻ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ആരോഗ്യമേള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിൽ നടപ്പാക്കുന്ന ഏക ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എം.ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് ഇ.കെ.ഗോപാലൻ പദ്ധതി വിശദീകരിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പൊന്നമ്മ ചന്ദ്രൻ, വി.ടി.സോമൻകുട്ടി, ആനി മാമ്മൻ, സുജാത സുശീലൻ, സീന ബിജു നാരായണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിബു ജോൺ, പി.കെ.വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ധനുജ സുരേന്ദ്രൻ, സാബു പുതുപ്പറമ്പിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അലോപ്പതി, ഹോമിയോ, ഭാരതീയ ചികിത്സാവിഭാഗം മെഡിക്കൽ ക്യാമ്പ്, യോഗ പരിശീലനം, നേത്രസംരക്ഷണം, ദന്തസംരക്ഷണം, മാനസികാരോഗ്യ പദ്ധതി, കൗൺസലിംഗ്, രക്തസമ്മർദ്ദ പരിശോധന, പ്രമേഹ നിർണയം, ഡയറ്റീഷ്യന്റെ സേവനം എന്നിവ ലഭ്യമാക്കി. ആരോഗ്യമേളയിൽ 21 സ്റ്റാളുകൾ ഒരുക്കിയിരുന്നു. പകർച്ചവ്യാധി നിയന്ത്രണം, മലമ്പനി, കുഷ്ഠം, ക്ഷരോഗ വിഭാഗം, ഒആർഎസ് കോർണർ, എലിപ്പനി പ്രതിരോധത്തിന് ഡോക്‌സി കോർണർ, പ്രാണിജന്യ രോഗപ്രതിരോധം, സാന്ത്വന പരിചരണവിഭാഗം, ഇ ഹെൽത്ത്, ഇസഞ്ജീവനി ടെലി മെഡിസിൽ, കുടുംബ ക്ഷേമ വിഭാഗം എന്നിവയുടെ സ്റ്റാളുകൾ ശ്രദ്ധേയമായി.