പാലാ : ജില്ലയിലെ പഞ്ചായത്തുകളെ ജനസൗഹൃദമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച എം.സുശീൽ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറിയായി വിരമിക്കുന്ന ഇദ്ദേഹം കോട്ടയം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ എസ്റ്റാബ്ലിഷ്‌മെന്റ് സൂപ്രണ്ടായിരിക്കെയാണ് ജില്ലയിലെ പഞ്ചായത്തുകളെ ജനസൗഹൃദ സദ്ഭരണ അഴിമതിരഹിത പഞ്ചായത്തുകളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 2017 ഒക്‌ടോബറിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ജനസൗഹൃദ സദ്ഭരണ പഞ്ചായത്തുകളായി സ്പീക്കർ പ്രഖ്യാപിച്ചിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിനു പെരിന്തൽമണ്ണയിൽ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ സർക്കാർ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയരുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കിയതിനു പിന്നിലും സുശീലിന്റെ കരങ്ങളുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറി ആയി പ്രവർത്തിക്കവെ 2021 - 22 കാലയളവിൽ ജില്ലയിലെ നികുതി പിരിവിലും പദ്ധതി നിർവഹണത്തിലും പഞ്ചായത്തിനെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. ഏഴാച്ചേരി മള്ളൂർ കുടുംബാംഗമാണ്. ഭാര്യ : അനിതാ ബി. നായർ ഇടക്കോലി ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപികയാണ്. ഷിപ്പ് എൻജിനിയറായ അതുൽ, ലണ്ടനിൽ വിദ്യാർത്ഥിനിയായ അരുണിമ എന്നിവരാണ് മക്കൾ.