
ഏഴാച്ചേരി. ''ഏഴാച്ചേരി പോലുള്ള ഒരു ഗ്രാമത്തിൽ നിന്ന് സിവിൽ സർവീസിലേക്ക് കടക്കാനായത് വലിയ കാര്യമാണ്. ഐ.എ.എസ്. ആയിരുന്നു മോഹം. പക്ഷേ ഇത്തവണ കിട്ടാൻ ഇടയില്ല. ഉയരക്കുറവുകാരണം ഐ.പി.എസ്. മോഹവും നടക്കില്ല. ഐ.ആർ.എസ്. ഉറപ്പാണ്. എങ്കിലും ഐ.എ.എസിനുവേണ്ടിയുള്ള പരിശ്രമം തുടരുകയാണ് ഞാൻ.'' ഇന്ത്യൻ സിവിൽ സർവീസ് രംഗത്തേക്ക് 145ാം റാങ്കോടെ വിജയിച്ച് കയറിയ അർജ്ജുൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഏഴാച്ചേരി കാവുങ്കൽ ഉണ്ണികൃഷ്ണൻനായരുടെയും ബിന്ദുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് 'അച്ചു' എന്നുവിളിക്കുന്ന അർജ്ജുൻ. ബി.ടെക്കും മറൈൻ എൻജിനീയറിംഗും ഉന്നത നിലയിൽ വിജയിച്ച് ഇൻഫോസിസിൽ ജോലിയിലിരിക്കെയാണ് അർജ്ജുന് സിവിൽ സർവീസ് മോഹം ഉദിച്ചത്. ആദ്യം കെ.എ.എസ്. എഴുതി. 28ാം റാങ്ക് ഉണ്ടായിരുന്നു പക്ഷേ ജോലി ലഭിച്ചില്ല. തുടർന്ന് തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം തുടങ്ങി. ആദ്യതവണ പ്രിലിമിനറി പാസായിരുന്നു. പക്ഷേ ഫൈനൽ വിജയിക്കാനായില്ല. രണ്ടാമത്തെ പരിശ്രമമാണിപ്പോൾ വിജയം കണ്ടത്.
അച്ഛൻ ഉണ്ണികൃഷ്ണൻ നായർ വിവിധ കമ്പനികളുടെ സെയിൽസ്മാനാണ്. അന്തീനാട് നന്ദനത്തിൽ ബിന്ദുവാണ് അമ്മ. എൻ.ഐ.ഐ.ടി.യിൽ ബി.ടെക് കഴിഞ്ഞ അനുജൻ അനന്തു ഉണ്ണികൃഷ്ണൻ ഇന്ന് ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലിക്ക് കയറുകയാണ്.