പൊൻകുന്നം : മഴക്കാലമായാൽ ദേശീയ പാതയിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം വെള്ളക്കെട്ട് വാഹന - കാൽനടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. സർവീസ് ബസുകളടക്കം ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ വഴിയരികിലുള്ള കച്ചവടക്കാരെയും കാൽനടയാത്രക്കാരെയും ചെളിയഭിഷേകം നടത്തിയാണ് കടന്നുപോകുന്നത്. ദേശീയപാതയിലെ പ്രധാന കേന്ദ്രങ്ങളായ മുണ്ടക്കയം ,കാഞ്ഞിരപ്പള്ളി ,പൊൻകുന്നം,കൊടുങ്ങൂർ, ചെങ്കൽപള്ളി, നെടുമാവ്, പുളിക്കൽകവല എന്നിവിടങ്ങളിലാണ് മഴക്കാലത്ത് റോഡ് തോടായി മാറുന്നത്. മിക്കയിടങ്ങളിലും ബസ് സ്റ്റാൻഡിലും, സ്റ്റോപ്പുകളിലും മുട്ടോളം വെള്ളമാണ്.
ബസ് കാത്തു നിൽക്കുന്നവർക്ക് വാഹനങ്ങളിൽ കയറാൻ വെള്ളംക്കെട്ട് നീന്തിക്കയറേണ്ട സ്ഥിതിയാണ്. കടകൾക്കുമുമ്പിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികളും പറയുന്നു. വാഴൂർ നെടുമാവിൽ ദേശീയ പാതയിലെ കലുങ്ക് മണ്ണും ചെളിയും അടിഞ്ഞ് വെള്ളം ഒഴുകാത്ത സ്ഥിതിയിലാണ്. പ്രദേശത്തെ ഓടകളും മണ്ണ് മൂടിക്കിടക്കുകയാണ്. മഴ പെയ്യുമ്പോൾ മണ്ണും മണലും ചെളിയും റോഡിലേക്ക് പരന്ന് ഒഴുകുകയും ഇതുമൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ട്.
ഓടകളിൽ നിറെയ മാലിന്യം
ദേശീയപാതയിൽ തിരക്കുള്ള ടൗണുകളിൽ മാത്രമാണ് ഓട നിർമ്മിച്ചിട്ടുള്ളത്. ഇതാകട്ടെ ചപ്പുചവറുകൾ നിറഞ്ഞുകിടക്കുകയാണ്. മഴക്കാലപൂർവ ശുചീകരണമെന്ന പതിവു പരിപാടി പലയിടത്തും നടന്നിട്ടില്ല. നടന്നതാകട്ടെ വഴിപാടായി. ഇതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ഈ ദുരിതമകറ്റാൻ അധികൃതർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.