തലയോലപ്പറമ്പ് : ആറ്റുതീരം ഇടിഞ്ഞ ഭാഗത്ത് വാഹനം അപകടത്തിൽപ്പെട്ടു. നാട്ടുകാരുടെ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഇന്നലെ പുലർച്ചെ 4.30 ഓടെ മറവൻതുരുത്ത് പഞ്ചായത്തിലെ ചിറേക്കടവിലാണ് സംഭവം. കണ്ണൂരിൽ വിവാഹ നിശ്ചയ ചടങ്ങിന് പോയ ശേഷം തിരികെ കോട്ടയം പാമ്പാടിയിലേക്ക് പോകുകയായിരുന്ന കുടുംബങ്ങൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. മറവൻതുരുത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥയെയും, കുടുംബത്തെയും വീട്ടിൽ എത്തിക്കാനായിട്ടാണ് വാഹനം വന്നത്. സ്ത്രീകളും കുട്ടികളും അടക്കം 15 യാത്രക്കാർ ഉണ്ടായിരുന്നു. ആറ്റുതീരം ഇടിഞ്ഞ ഭാഗത്ത് വാഹനത്തിന്റെ ചക്രം താഴ്ന്നതിനെ തുടർന്ന് പുഴയിലേക്ക് ചെരിയുകയായിരുന്നു. വിവരം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തി വാഹനം വടം കെട്ടി നിറുത്തി ഡ്രൈവറുടെ വശത്തുള്ള വാതിൽ വഴി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി.
വൈക്കത്ത് നിന്ന് ഫയർഫോഴ്‌സ് എത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം പിന്നോട്ട് ഉയർത്തി മാറ്റി. 2018ൽ ഉണ്ടായ പ്രളയത്തെ തുടർന്നാണ് ചിറേക്കടവ് മുതൽ തന്നേലിൽ കടവ് വരെയുള്ള 150 മീറ്ററോളം വരുന്ന റോഡ് ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായത്. രണ്ട് വർഷം മുൻപ് ഇറിഗേഷൻ വകുപ്പ് ചിറേക്കടവ് ഭാഗത്ത് മണൽചാക്ക് നിറച്ച് താത്ക്കാലികമായി ബലപ്പെടുത്തിയെങ്കിലും ആറ്റുതീരം വീണ്ടും ഇടിഞ്ഞ് താഴുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
രണ്ട് വർഷത്തിനിടെ 8 അപകടം
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചെറുതും വലുതുമായ 8 ഓളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പലരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. തീരം കരിങ്കൽ കെട്ടി ബലപ്പെടുത്താൻ 35 ലക്ഷം രൂപ ഇറിഗേഷൻ അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇനി ഒരു ദുരന്തത്തിന് കാത്ത് നിൽക്കാതെ അടിയന്തിരമായി ആറ്റുതീരം സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.