ഏഴച്ചേരി : ഏഴാച്ചേരി ഗ്രാമത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസിലേക്ക് കടന്ന അർജ്ജുൻ ഉണ്ണികൃഷ്ണനെ അനുമോദിക്കാൻ യുവ ഐ.പി.എസ് ഓഫീസറും പാലാ എ.എസ്.പിയുമായ നിധിൻരാജ് എത്തി. ഇന്നലെ ഉച്ചയോടെ കാവുങ്കൽ വീട്ടിലെത്തിയ അദ്ദേഹം അർജ്ജുന് സ്‌നേഹോപഹാരം സമ്മാനിച്ചു. സിവിൽ സർവീസ് പരീക്ഷയിലെ 145ാം റാങ്ക് മികച്ച വിജയമാണെന്നും ഐ.എ.എസിലേക്ക് വരാൻ കൂടുതൽ ഉത്സാഹത്തോടെ പഠിക്കണമെന്നും നിധിൻരാജ് അർജുനെ ഉപദേശിച്ചു. കഠിനമായ പരിശ്രമം നടത്തുന്ന അർജ്ജുന് എന്തായാലും അടുത്ത പരീക്ഷയിൽ മികച്ചവിജയം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018ൽ 210ാം റങ്കോടെയാണ് നിധിൻരാജ് സിവിൽ സർവീസ് കരസ്ഥമാക്കിയത്. 26 കാരനായ നിധിൻരാജ് ബി.ടെക്കിന് ശേഷമാണ് സിവിൽ സർവീസിലേക്ക് എത്തിയത്. 145ാം റാങ്കിന് ഐ.പി.എസ്. ഉറപ്പായിരുന്നുവെങ്കിലും പൊക്കക്കുറവ് ഇതിന് തടയിട്ടു. ഐ.പി.എസ്. ലഭിക്കാൻ ഏറ്റവും കുറഞ്ഞത് 165 സെ.മീ. ഉയരം വേണം. എന്നാൽ അർജ്ജുന് 160 സെ.മീ ഉയരമാണുള്ളത്. വീണ്ടും മാർക്ക് മെച്ചപ്പെടുത്തി ഐ.എ.എസ് സ്വപ്നം പൂവണിയിക്കുന്നതിനുള്ള കഠിനശ്രമത്തിലാണ് അർജുൻ.