ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭയിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം ഭരണം കൈയ്യാളുന്ന യു.ഡി.എഫിന് നഷ്ടമായി. നഗരസഭയിൽ 3ാം വാർഡിനെ പ്രതിനിധികരിക്കുന്ന സ്വതന്ത്ര അംഗം ബീനാ ഷാജി എൽ.ഡി.എഫ് അംഗം പി.എസ്.വിനാേദിന്റെ പിന്തുണയോടെ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് പിന്തുണ നൽകിയിരുന്ന 10ാം വാർഡ് സ്വതന്ത്ര അംഗം സുനിതാ ബിനീഷ് നയം മാറ്റിയതാണ് ബീനാ ഷാജിയുടെ വിജയത്തിന് കാരണം. ആരോഗ്യ സ്ഥിരം സമിതിയുടെ അദ്ധ്യക്ഷയായിരുന്ന സുനിത രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡി.എഫ് സുനിതയ്ക്ക് ഒരു വർഷം നഗരസഭ ചെയർപേഴ്‌സൺ സ്ഥാനവും, 3 വർഷം സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് സുനിത രാജിവയ്ക്കുകയായിരുന്നു. യു.ഡി.എഫിന്റെയും, ഉദ്യോയോഗസ്ഥരുടെയും നിസഹകരണം മൂലം പദ്ധതികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. നിലവിലെ ചെയർപേഴ്‌സന്റെ കാലാവധി 2 വർഷമാണ്. ധാരണയനുസരിച്ച് രാജിവച്ചാൽ ഭരണനഷ്ടമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ബി.ജെ.പിയ്ക്ക് ഏഴ് അംഗങ്ങൾ ഉണ്ട്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി അംഗം അജിശ്രീ മുരളി വിട്ടുനിന്നു.