ഏറ്റുമാനൂർ : പ്രവർത്തിപ്പിക്കാതെ പൂട്ടിയിട്ടിരുന്ന ഏറ്റുമാനൂർ കെ.എസ്.ആർ.ടി സി സ്റ്റാൻഡിലെ ശൗചാലയം നഗരസഭ തുറന്നു കൊടുത്തു. അശാസ്ത്രീയമായ നിർമ്മിതിയും ജലദൗർലഭ്യവും മൂലം ശൗചാലയ നടത്തിപ്പ് നഷ്ടത്തിലായതിനാൽ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായിരുന്നില്ല.

തുടർന്നാണ് സർക്കാരിന്റെ ടേക്ക് എ റെസ്റ്റ് പദ്ധതി പ്രകാരം നഗരസഭ ശൗചാലയ നടത്തിപ്പ് ഏറ്റെടുത്തത്. സ്റ്റാൻഡിലുള്ള കിണറ്റിലെ വെള്ളമാണ് താത്ക്കാലികമായി ഉപയോഗിക്കുന്നത്. ചേറ് കലർന്ന വെള്ളമായതിനാലാണ് മുൻപ് ആ വെള്ളം ഉപയോഗിക്കാതിരുന്നത്. വാട്ടർ അതോറിട്ടിയുടെ കണക്ഷൻ എടുത്താൽ മാത്രമേ ശുദ്ധ ജലം ലഭ്യമാവുകയുള്ളൂ. അതിനു വേണ്ടിയുള്ള ശ്രമം തുടങ്ങുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.

കമ്മറ്റി തീരുമാനം ലഭിച്ചാൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശൗചാലയ നടത്തിപ്പിന് ജീവനക്കാരെ നിയമിക്കാമെന്ന പ്രതീക്ഷയിലാണ് നഗരസഭ. നടപടികൾ പൂർത്തിയാകുന്നതുവരെ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്കാണ് ശൗചാലയ നടത്തിപ്പിന്റെ ചുമതല.