
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് എൽ ഡി എഫ് സ്ഥാനാർത്ഥി . അല്പംമുമ്പുനടന്ന വാർത്താസമ്മേളനത്തിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.ലിസി ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗദ്ധനാണ് വാഴക്കാല സ്വദേശിയായ ഡോ. ജോ ജോസഫ്. മുത്തുപോലത്തെ സ്ഥാനാർത്ഥിയെന്നാണ് അദ്ദേഹത്തെ ഇ പി ജയരാജൻ വിശേഷിപ്പിച്ചത്. സി പി എമ്മിന്റെ സ്ഥാനാർത്ഥിയായിട്ടായിരിക്കും അദ്ദേഹം മത്സരിക്കുക.
തൃക്കാക്കരയിൽ ഇടത് മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജൻ പങ്കുവച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഡിവൈഎഫ്ഐ നേതാവ് അഡ്വ കെ എസ് അരുൺകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചെങ്കിലും മണിക്കൂറുകൾക്കകം അത് തിരുത്തിയിരുന്നു. തുടർന്ന് കോൺഗ്രസ് പ്രമുഖൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായേക്കും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
പിടി തോമസിന്റെ ഭാര്യ ഉമാതോമസാണ് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി. ചൊവ്വാഴ്ചയാണ് ഉമാതോമസിന്റെ സ്ഥാനാർത്ഥിത്വം യു ഡി എഫ് പ്രഖ്യാപിച്ചത്.