സി.ബി.ഐ സീരിയസിലെ അഞ്ചാമത്തെ ചിത്രമായ സിബിഐ 5 ദി ബ്രെയിൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മുൻ ചിത്രങ്ങളിലേത് പോലെ മമ്മുട്ടി - എസ്.എൻ. സ്വാമി - കെ മധു കൂട്ടുകെട്ടിൽ തന്നെയാണ് ചിത്രം പുറത്തിറങ്ങിയത്.
സേതുരാമയ്യർക്കൊപ്പം വിക്രമായി ജഗതി ശ്രീകുമാർ എത്തിയതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇപ്പോഴിതാ സി.ബി.ഐ 5 ന്റെ വിജയാഘോഷത്തിലും ജഗതി ശ്രീകുമാർ എത്തിയിരിക്കുകയാണ്. തുടർന്നും ജഗതി സിനിമകളിൽ അഭിനയിക്കുമെന്ന് സംവിധായകൻ കെ മധു പറഞ്ഞു. ആറാം ഭാഗം വരുമെന്ന സൂചനയും സംവിധായകൻ പങ്കു വച്ചു.

സിബിഐ സീരീസിലെ ആദ്യ ചിത്രമിറങ്ങി മുപ്പതു വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാഗം റിലീസായത്.സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് 1988 ലാണ് പുറത്തിറങ്ങിയത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയും റിലീസ് ചെയ്‌തു.
ആശാ ശരത്ത്, മുകേഷ്, രഞ്ജി പണിക്കർ, സായ് കുമാർ, സൗബിൻ ഷാഹിർ എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സ്വർഗചിത്രയാണ് നിർമ്മാണം. ജേക്‌സ് ബിജോയാണ് സംഗീതം.

