russia

കൊച്ചി: യുക്രെയിൻ-റഷ്യ യുദ്ധാനന്തരം രണ്ടുമാസത്തിനിടെ ഇന്ത്യ വാങ്ങിയത് കഴിഞ്ഞവർഷം ആകെ വാങ്ങിയതിനേക്കാൾ ഇരട്ടിയിലധികം റഷ്യൻ ക്രൂഡോയിൽ. ഫെബ്രുവരി 24നാണ് റഷ്യൻപട യുക്രെയിനിലേക്ക് കടന്നുകയറിയത്.

തുടർന്ന് ഇതുവരെ ഇന്ത്യൻ കമ്പനികൾ 40 മില്യൺ ബാരൽ റഷ്യൻ എണ്ണവാങ്ങാനുള്ള കരാറിലേർപ്പെട്ടു. ഈവർഷം ജൂൺപാദത്തിലേക്കുള്ള ഉപയോഗത്തിന് മാത്രമാണിത്. 2021ലെ മൊത്തം റഷ്യൻ എണ്ണ ഇറക്കുമതിയായ 16 മില്യൺ ബാരലിന്റെ ഇരട്ടിയിലേറെയാണിത്.

ഇന്ത്യൻ ഓയിൽ,​ ഹിന്ദുസ്ഥാൻ പെട്രോളിയം,​ ബി.പി.സി.എൽ.,​ റിലയൻസ്,​ നയാര എനർജി എന്നിവയാണ് റഷ്യൻ എണ്ണ വാങ്ങിയ ഇന്ത്യൻ കമ്പനികൾ.

ഡിസ്‌കൗണ്ടാണ് മുഖ്യം

ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85 ശതമാനവും പുറത്തുനിന്ന് വാങ്ങുകയാണ് ഇന്ത്യ. 50 ലക്ഷം ബാരൽ ക്രൂഡോയിലാണ് പ്രതിദിനം വേണ്ടത്.

യുദ്ധ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങൾ വാങ്ങൽ നിറുത്തുകയോ കുറയ്ക്കുകയോ ചെയ്‌തതോടെ ഇന്ത്യയ്ക്ക് റഷ്യ 30 ഡോളറോളം ഡിസ്കൗണ്ട് വാഗ്‌ദാനം ചെയ്യുകയായിരുന്നു.