
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് കസ്‌റ്റഡിയിലെടുത്ത പി.സി ജോർജിനെ തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലെത്തിച്ച് അറസ്‌റ്റ് ചെയ്‌തു. എ.ആർ ക്യാമ്പിന് പുറത്ത് പി.സി ജോർജിന് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധം നടത്തിയിരുന്നു. ഈ സമയം ജോർജിന്റെ വാഹനത്തിന്റെ ചില്ല് താഴ്‌ത്തിയ നിലയിലായിരുന്നു ഇത് പ്രവർത്തകരും പി.സി ജോർജും തമ്മിൽ നേരിട്ട് വാക്കുതർക്കം ഉണ്ടാകുന്ന സാഹചര്യമുണ്ടാക്കി.
തിരുവനന്തപുരത്തേക്ക് യാത്രയ്‌ക്കിടെ നാലാഞ്ചിറയിലും പട്ടത്തും ജോർജിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടായി. എ.ആർ ക്യാമ്പിൽ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മൂന്നുപേരെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കസ്‌റ്റഡിയിലെടുത്തു. തിരുവനന്തപുരം വട്ടപ്പാറയിലും പി.സി ജോർജിന്റെ വാഹനം തടഞ്ഞിരുന്നു. ബിജെപി പ്രവർത്തകരാണ് ഇവിടെ വാഹനം തടഞ്ഞത്. ഷാളണിയിച്ച് ബിജെപി പ്രവർത്തകർ ജോർജിന് അനുകൂലമായി മുദ്രാവാക്യം മുഴക്കി. വട്ടപ്പാറയിൽ ബിജെപി ജില്ലാ പഠനശിബിരം നടന്നുവരികയാണ്. ഇതിനെത്തിയ പ്രവർത്തകരാണ് അദ്ദേഹത്തെ ഷാളണിയിച്ചത്.

സംസ്ഥാനത്തെ ബിജെപി നേതാക്കളും പി.സി ജോർജിന് പിന്തുണയുമായി പരസ്യമായി രംഗത്തെത്തി. സർക്കാരിന്റേത് ഫാസിസ്‌റ്റ് സമീപനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. എതിർസ്വരങ്ങളെ അടിച്ചമർത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. ബിജെപി നേതാവ് പി.കെ കൃഷ്‌ണദാസ് ഈരാറ്റുപേട്ടയിലെ ജോർജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു.അതേസമയം എ.ആർ ക്യാമ്പിലെത്തി പി.സി ജോർജിനെ കാണാൻ ശ്രമിച്ച കേന്ദ്രമന്ത്രി വി.മുരളീധരന് അനുമതി നൽകിയില്ല.
നിലവിൽ ഐപിസി 153 എ വകുപ്പിന് പുറമേ 295 എ വകുപ്പ് കൂടി ചേർത്താണ് പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. വിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ഈ വകുപ്പുകൾ പ്രകാരം കേസ്. ഏപ്രിൽ 29ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാസമ്മേളനത്തിലെ പ്രസംഗത്തിലാണ് ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.