
ഇന്നും കേരളത്തിൽ കൂടുതൽ പേരും ഉച്ചഭക്ഷണമായി കഴിക്കുന്നത് ചോറും കറികളുമാണ്. അതിനാൽ തന്നെ നമ്മുടെ ഭക്ഷണത്തിൽ ചോറിന്റെ പ്രാധാന്യവും വലുതാണ്. എന്നാൽ പാചകത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവാകുന്നത് ചോറു വയ്ക്കാനാണ്. ജോലിക്ക് പോകുന്നവരാണെങ്കിൽ ഏറെ പേരും വിഷമിക്കുന്നതും അരി സമയത്തിന് വേകാത്തതിന്റെ പേരിലാകും. ഇതിന് പരിഹാരമാവുകയാണ് അഘോനി ബോറ എന്ന അരി.
വെള്ളത്തിൽ ഇട്ട് തിളപ്പിക്കാതെ തന്നെ ചോറിന്റെ രൂപത്തിലാകുന്ന അരിയാണ് അഘോനി ബോറ. അരമണിക്കൂർ പച്ചവെള്ളത്തിൽ ഇട്ട് വച്ചിരുന്നാൽ ഭക്ഷ്യയോഗ്യമായ ചോറ് നമുക്ക് ലഭിക്കും. ചൂട് വെള്ളത്തിലാണെങ്കിൽ പതിനഞ്ചോ പത്തോ മിനിട്ട് മതിയാകും. യാത്രകളിലും മറ്റും ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ അരി. ദീർഘദൂര യാത്രകളിൽ പുറത്തിറങ്ങി ഭക്ഷണം വാങ്ങാതെ തന്നെ ഈ അരി ഉപയോഗിച്ച് നമുക്ക് ചോറ് ഉണ്ടാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പ്രത്യേകതകൾ ഉള്ളതിനാൽ അഘോനി ബോറയ്ക്ക് ഇൻസ്റ്റന്റ് റൈസ് എന്ന പേരുമുണ്ട്. പരമ്പരാഗതമായി അസമിൽ കൃഷി ചെയ്യുന്ന നെല്ലിന് ‘കോമൽ സാൽ’ അല്ലെങ്കിൽ ‘സോഫ്റ്റ് റൈസ്’ എന്നും പേരുണ്ട്.
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കൃഷി ചെയ്തു വരുന്ന ഈ അരി കേരളത്തിലും വിളയിച്ചെടുക്കാൻ സാധിക്കും. രാസവളങ്ങളോ കീടനാശിനികളോ ചേർക്കാതെയാണ് ഇത് കൃഷിചെയ്യുന്നത്. പുലർച്ചെ കതിരിൽ കുമ്മായം തളിച്ചു കൊടുത്താൽ കീടങ്ങളെ അകറ്റാൻ സാധിക്കും. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഈ ഇനം അരിയുടെ കൃഷിക്കായി ആവശ്യം. കട്ടക്കിലെ സെന്റ്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുതിയ നെല്ലിനമാണിത്. ഏകദേശം 145 ദിവസത്തിനുള്ളിൽ സാധാരണ കാർഷിക രീതി ഉപയോഗിച്ച് ‘കോമൽ സോൾ’ നെല്ല് കൃഷിചെയ്യാം. ഇതിന്റെ വിളവ് ഏകദേശം 4.5 ടൺ / ഹെക്ടർ ആണ്.
ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളിലാണ് ഈ അരി കൂടുതലായും ഉപയോഗിക്കുന്നത്. വളരെ വേഗത്തിൽ ദഹനത്തിന് സഹായിക്കുന്ന അരിയാണിത്. നല്ല സുഗന്ധവും ഇതിനുണ്ട്. പായസം ഉണ്ടാക്കുന്നതിനും ഈ അരി ഏറെ മികച്ചതാണ്. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും ഈ അരി സഹായിക്കും. അതിഥികളും മറ്റും വീട്ടിൽ വരുമ്പോൾ എളുപ്പത്തിൽ വിഭവങ്ങൾ ഉണ്ടാക്കാനുമാകും.
അഘോനി ബോറ ഇനത്തിൽ 4.5ശതമാനം അമിലോസ് അടങ്ങിയിട്ടുണ്ട്. എന്നാൽ മിക്ക നെല്ല് ഇനങ്ങളിലും 25-30 ശതമാനം വരെയാണ് അമിലോസ് അടങ്ങിയിട്ടുള്ളത്. നെല്ലിലെ അമിലോസ് ഉള്ളടക്കമാണ് നെല്ലിന്റെ കാഠിന്യത്തിന് കാരണമാകുന്നതെന്ന് പരീക്ഷണാത്മകമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പാചകം ചെയ്യുമ്പോൾ അരിയുടെ അമിലോസ് വെള്ളം ആഗിരണം ചെയ്യുകയും ധാന്യം വികസിക്കുകയും മൃദുവാകുകയും ചെയ്യുന്നു. അഘോനി ബോറയിൽ കുറഞ്ഞ അമിലോസ് ആണ് അടങ്ങിയിട്ടുള്ളതിനാൽ ഇത് വെള്ളം എളുപ്പത്തിൽ ആഗിരണം ചെയ്യും, മാത്രമല്ല കുതിർക്കുന്ന പ്രക്രിയയും കഴിക്കാൻ അനുയോജ്യമാകും. ഇക്കാരണത്താലാണ് പച്ചവെള്ളത്തിൽ ഇടുമ്പോൾ തന്നെ അരി ചോറിന്റെ രൂപത്തിലാവുന്നത്.