
ചെന്നൈ : അടുത്തിടെയായി രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തി നശിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ അപകടത്തിൽ പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹൊസൂർ സ്വദേശി യാത്ര ചെയ്ത സ്‌കൂട്ടർ കത്തിയതാണ് ഒടുവിലത്തെ സംഭവം. സീറ്റിനടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട് യാത്രക്കാരനായ സതീഷ് കുമാർ ചാടി ഇറങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ വ്യാവസായിക കേന്ദ്രമായ ഹൊസൂരിലായിരുന്നു സംഭവം. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പർവൈസറാണ് ഇയാൾ.
കഴിഞ്ഞ വർഷമാണ് സതീഷ് കുമാർ ഒകിനാവയുടെ ഇസ്‌കൂട്ടർ സ്വന്തമാക്കിയത്. തമിഴ്നാട്ടിലെ വെല്ലൂരിൽ ഇ സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വാതകം ശ്വസിച്ച് അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു. ഇതും ഒകിനാവ നിർമ്മിച്ച സ്‌കൂട്ടറായിരുന്നു. അപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തതോടെ കമ്പനി 3215 സ്‌കൂട്ടറുകൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചിരുന്നു. ബാറ്ററികൾക്കോ കണക്ടറുകൾക്കോ കേടുപാടുകളുണ്ടോയെന്ന് പരിശോധിച്ച് സൗജന്യമായി നന്നാക്കുമെന്നാണ് കമ്പനി അറിയിച്ചത്. രാജ്യത്ത് വിവിധ ഇടങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തി നശിക്കുന്നത് ആശങ്കയുയർത്തുകയാണ്. ഇതോടെ കമ്പനികളോട് ഗുണമേൻമ ഉറപ്പാക്കാൻ കർശന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹകരിക്കുന്നത് വരെ പുതിയ മോഡലുകൾ ഇറക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.