madhavan-b-nair

സ്വാതന്ത്ര്യം നേടിയതുമുതല്‍ പാകിസ്ഥാന്‍ നേരിടുന്ന പ്രധാനവെല്ലുവിളി അവിടെ ഒരു സര്‍ക്കാരും കാലാവധി തികയ്ക്കാറില്ല എന്നതാണ്. കാലാവധി തികയ്ക്കാതെ പുറത്തുപോകുക എന്ന ദുര്‍വിധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടിവന്ന ഇമ്രാന്‍ഖാനെയും പിടികൂടിയത്. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ പലവിധ തന്ത്രങ്ങളും ഇമ്രാന്‍ പയറ്റിനോക്കിയെങ്കിലും സുപ്രീം കോടതിയുടെ ഇടപെടലോടെ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.


പാകിസ്ഥാനില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും തുടരുന്നതും അയല്‍രാജ്യങ്ങളെ സംബന്ധിച്ച് നല്ലതാണ്. കാരണം ഭീകരവാദത്തിന്റെ ഈറ്റില്ലമായ പാകിസ്ഥാനിലെ സര്‍ക്കാരിനോട് ചര്‍ച്ചകള്‍ക്ക് എങ്കിലും സാധ്യത തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വഴി നടത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ പാകിസ്ഥാനില്‍ ജനാധിപത്യം പേരിന് മാത്രമേ എക്കാലത്തും ഉണ്ടായിരുന്നിട്ടുള്ളൂ. അവിടെ ഭരണത്തില്‍ ചരടുവലികള്‍ നടത്തുന്നത് സൈന്യമാണ്.


1980കളുടെ ഒടുക്കം മുതല്‍ പാകിസ്ഥാനെ ഭരിച്ചിരുന്നത് സങ്കര ഭരണകൂടങ്ങളാണ്. അക്കാലം മുതല്‍ സൈന്യത്തിന്റെ ഇടപെടലുകള്‍ ഭരണത്തില്‍ കൂടുതല്‍ ശക്തമായി. സങ്കര സര്‍ക്കാരുകളില്‍ സാമൂഹിക- സാമ്പത്തിക നയരൂപവത്കരണം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അധികാരപരിധിയില്‍ ഉണ്ടായിരുന്നത്. വിദേശകാര്യം, പ്രതിരോധം എന്നിവയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം സൈന്യത്തിനുമായിരുന്നു.

പര്‍വേസ് മുഷാറഫിന്റെ ഭരണകാലത്താകട്ടെ എല്ലാ അധികാരങ്ങളും സൈന്യത്തിന്റെ കൈകളിലായി. ഒരിക്കല്‍ കൈയാളിയ സര്‍വാധികാരം ഭരണം മാറിയിട്ടും വിട്ടുകൊടുക്കാന്‍ സൈന്യം അത്രകണ്ട് തയ്യാറായതുമില്ല. 2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍ ചെറിയ പാര്‍ട്ടികളെ തുന്നിച്ചേര്‍ത്ത് കേവലഭൂരിപക്ഷം കടക്കാന്‍ ഇമ്രാന്‍ഖാനെ സഹായിച്ചത് സൈന്യമായിരുന്നു. അന്ന് സൈന്യത്തിന്റെ ഇഷ്ട തോഴനായിരുന്നു ഇമ്രാന്‍ഖാന്‍. എന്നാല്‍ ഈ ബന്ധം ക്രമേണ വഷളായി.

സൈനികമേധാവി ജനറല്‍ ഖ്വമര്‍ ബാജ്വ നിര്‍ദ്ദേശിച്ച പുതിയ ഐ.എസ്.ഐ ചീഫിന് അംഗീകാരം നല്‍കാന്‍ ഇമ്രാന്‍ കൂട്ടാക്കാതെ വന്നതോടെ സൈനികതലവന്‍ ഇമ്രാനുമായി ഇടയാന്‍ തുടങ്ങി. സൈന്യവുമായി സ്വരചേര്‍ച്ചയില്ലാതായതാണ് ഇമ്രാഖാനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പാക് പട്ടാളവും സിവിലിയന്‍ സര്‍ക്കാരും രണ്ടുദിശയിലാവുകയും രാജ്യം വന്‍ കടക്കെണിയില്‍ വീഴുകയും ചെയ്തതോടെ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും മുന്നില്‍ ഇമ്രാന് പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയായി. കോടതി കൂടി ഇടപെട്ടതോടെ ഇമ്രാന് സ്ഥാനം രാജിവയ്ക്കുകയല്ലാതെ മറ്റ് പോംവഴികള്‍ ഇല്ലെന്നായി.


രാജ്യത്ത് വര്‍ദ്ധിക്കുന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതില്‍ ഇമ്രാന്‍ ഭരണകൂടം പരാജയപ്പെട്ടെന്നും ഇമ്രാന്റെ തെറ്റായ വിദേശനയം രാജ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നുമായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന ആരോപണങ്ങള്‍. അതില്‍ വാസ്തവമുണ്ട്. 2022 ജനുവരിയിലെ കണക്കനുസരിച്ച് ചില്ലറ വില്പനയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം പാകിസ്ഥാനില്‍ 13 ശതമാനമായിരുന്നു. ഉയരുന്ന ധനക്കമ്മിയാണ് ഇമ്രാന്‍ ഭരണകൂടവും പാക് സമ്പദ് വ്യവസ്ഥയും നേരിട്ട മറ്റൊരു വെല്ലുവിളി. 256 കോടി ഡോളറാണ് പാകിസ്ഥാന്റെ ധനക്കമ്മി. അമേരിക്കയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍, ഇന്ത്യയെ പ്രകീര്‍ത്തിക്കല്‍, റഷ്യയെയും ചൈനയെയും പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവ മൂലമാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ വിദേശ നയത്തിൽ പരാജയം നേരിട്ടതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

മൂന്നരവര്‍ഷം നീണ്ട ഇമ്രാന്റെ ഭരണകാലം ഇന്ത്യ- പാക് ബന്ധത്തിന് ഒട്ടും സുഖകരമായിരുന്നില്ല. എന്നാല്‍ അധികാരം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയുടെ പരമാധികാരത്തെയും വിദേശനയത്തെയും പുകഴ്ത്തിയാണ് ഇമ്രാന്‍ സംസാരിച്ചത്. ഇന്ത്യ ആത്മാഭിമാനമുള്ള രാജ്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇമ്രാന്‍ഖാന്‍ ഒഴിഞ്ഞ ഇരിപ്പിടത്തില്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി എത്തിയതുമുതല്‍ അയല്‍ രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ദ്ധർ ജാഗ്രതയിലാണ്. ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ള ആളായിരുന്നു നവാസ് ഷെരീഫ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. സൈനിക ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കിലും നവാസ് ഷെരീഫിന്റെ കാലഘട്ടത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ കാര്യക്ഷമമായി നടന്നിരുന്നു.

അധികാരമേറ്റവേളയില്‍ ഷഹബാസ് ഷെരീഫ് കാശ്മീര്‍ പ്രശ്‌നം എടുത്തിട്ടെങ്കിലും പിന്നീട് ഇന്ത്യയുമായി നയതന്ത്രബന്ധങ്ങളും സഹകരണവും ശക്തമാക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. പാക് സൈനികമേധാവി ജനറല്‍ ഖ്വമര്‍ ബാജ്വ ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ അനാവശ്യകതയും അതുമൂലം ഇരുരാജ്യങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചും സൂചിപ്പിക്കുകയുണ്ടായി. പാകിസ്ഥാനിലെ ജനാധിപത്യത്തെ സൈന്യം മാനിക്കുകയും സര്‍ക്കാര്‍ ജനഹിതം മാത്രമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അത് ആ രാജ്യത്തിന് സമാധാനവും പുരോഗതിയും കൊണ്ടുവരും. അതോടൊപ്പം കാശ്മീരിലും ജന ജീവിതം ശാന്തമായി ഒഴുകിയേനെ.

മാധവന്‍ ബി നായര്‍

(വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും മുൻഫൊക്കാന പ്രസിഡന്റുമാണ് ലേഖകൻ)