
ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ വിവിധ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. എന്നാൽ അതേ ഇന്ത്യ തന്നെയാണ് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുന്നതിലും മുന്നിൽ. പല കാരണങ്ങൾ പറഞ്ഞ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഇന്റർനെറ്റ് സേവനം നിറുത്തലാക്കുന്നതിൽ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാമതാണെന്നാണ് കണക്ക്. തുടർച്ചയായ നാലാം തവണയാണ് ഇന്ത്യ ഈ സ്ഥാനത്ത് തന്നെ തുടരുന്നത്.
ആക്സസ് നൗ, കീപ് ഇറ്റ് ഓൺ എന്നീ രണ്ട് കമ്പനികൾ ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യ 106 തവണയാണ് ഇന്റർനെറ്റ് സേവനം തടസപ്പെടുത്തിയത്.
തുടർച്ചയായ നാലാം വർഷവും ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വിച്ഛേദിക്കലുകൾ ഏർപ്പെടുത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഇതിൽ തന്നെ 85 തവണ ഷട്ട്ഡൗൺ നടപ്പാക്കിയത് ജമ്മു കാശ്മീർ മേഖലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓരോ വർഷവും ഇന്റർനെറ്റ് വിച്ഛേദിക്കുന്ന പ്രവണത സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടിവരികയാണ്. സാങ്കേതിക സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഷട്ട്ഡൗണുകൾ നടപ്പിലാക്കുന്നത്. 2021 ആയപ്പോഴേക്കും ഷട്ട്ഡൗൺ ഏർപ്പെടുത്തുന്ന ദൈർഖ്യം വർദ്ധിച്ചു. ഒപ്പം പ്രത്യേകം പ്രദേശങ്ങൾ തിരഞ്ഞെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രവണതയും വർദ്ധിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ലത് ഇന്ത്യയുടെ അയൽ രാജ്യമായ മ്യാന്മാറാണ്. 2021ൽ 15 തവണ മാത്രമാണ് ഇവിടെ സർക്കാരിന് ഷട്ട്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നത്. മ്യാന്മാറിന് പിന്നിൽ സുഡാനും ഇറാനുമാണ്.
2021ൽ ഇന്ത്യയിലാകമാനം നടത്തിയ ഇന്റർനെറ്റ് ഷട്ട്ഡൗണിന്റെ ദൈർഖ്യം 1,157 മണിക്കൂറാണെന്നാണ് ടോപ്പ് 10 വിപിഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇത് മൂലം ഏകദേശം 583 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് കണക്കുകൂട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 59.1 ദശലക്ഷം ഉപയോക്താക്കളാണ് ഇന്റർനെറ്റ് ഷട്ട്ഡൗൺ ബാധിച്ചത്.