khargone-curfew

ഭോപ്പാൽ: ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് ഖാർഗോണിൽ അടുത്ത രണ്ട് ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ രണ്ട് ദിവസവും പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം രാമനവമിയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് അക്രമ സംഭവങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

മേയ് രണ്ട്, മൂന്ന് തീയതികളിൽ ഖാർഗോണിൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തും. ഈദ് പ്രാർത്ഥനകളും ആഘോഷങ്ങളും അവരവരുടെ വീടുകൾക്കുള്ളിൽ തന്നെ നടത്തേണ്ടതാണ്. എന്നാൽ ഈ ദിവസങ്ങളിൽ എല്ലാ കടകൾക്കും തുറന്ന് പ്രവർത്തിക്കാം. പരീക്ഷകൾക്കായി പോകുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പാസ് നൽകും. കൂടാതെ അക്ഷയ ത്രിതീയ, പരശുറാം ജയന്തി ദിവസങ്ങളിൽ ജില്ലയിൽ യാതൊരു വിധത്തിലുള്ല ആഘോഷങ്ങളും നടത്താൻ അനുവധിക്കില്ലെന്നും ഖാർഗോൺ ജില്ലാ മജിസ്ട്രേറ്റ് സമ്മർ സിംഗ് പറഞ്ഞു.

കഴിഞ്ഞ മാസം രാമനവമി ദിനവുമായി ബന്ധപ്പെട്ട് ഇവിടെ നടന്ന ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാഗം ജനങ്ങൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഈ അക്രമസംഭവങ്ങളിൽ 24 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമികളിലൊരാൾ വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 64 കലാപകേസുകളിലായി 150 ഓളം പേരെ അറസ്റ്റ് ചെയ്തു.

രാമനവമി ദിനത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയുള്ള എല്ലാ ആഘോഷങ്ങളിലും വേണ്ട മുൻകരുതലുകൾ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഈദിന് പുറമേ അംബേദ്കർ ജയന്തി, മഹാവീർ ജയന്തി, ദുഃഖവെള്ളി, ഹനുമാൻ ജയന്തി എന്നീ ആഘോഷങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.