tata

268 ബില്യൺ ഡോളർ ആസ്തിയുള്ള എലോൺ മസ്‌കാണ് ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമനെന്ന് കുട്ടികൾക്ക് പോലും അറിയാം. കാരണം ഫോർബ്സ് മാസിക ഉൾപ്പടെ സമ്പന്നരുടെ പട്ടിക അടിക്കടി പ്രസിദ്ധീകരിക്കാറുണ്ട്. ഇന്ത്യയിലെ സമ്പന്നരുടെ വിവരങ്ങളും ഇതുപോലെ മിക്കവർക്കും കാണാപാഠമാണ്. അദാനിയും അംബാനിയും മാറി മാറി സ്ഥാനം പിടിക്കുന്ന പട്ടികയിൽ എന്നാൽ മുകളിലെ ആദ്യപത്തിൽ ഒരിക്കലും കാണാനാവാത്ത പേരാവും രത്തൻ ടാറ്റയുടേത്. രാജ്യത്തെ മുൻനിര വ്യവസായ ശൃംഖലയുടെ തലപ്പത്തുള്ള ടാറ്റാ ഗ്രൂപ്പ് എന്ത് കൊണ്ടാണ് സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടാതെ പോകുന്നതെന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

ഐഐഎഫ്എൽ വെൽത്ത് നൽകുന്ന വിവരങ്ങളനുസരിച്ച് ഇന്ത്യയിലെ ധനികരുടെ ലിസ്‌റ്റെടുത്താൽ അതിൽ രത്തൻ ടാറ്റയ്ക്ക് മുകളിലായി 432 ഇന്ത്യക്കാരുണ്ട്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഇത് എന്ത് കൊണ്ടാണെന്ന് മനസിലാക്കിയാൽ ടാറ്റയുടെ മഹത്വം മനസിലാവും. സ്വതന്ത്ര ഭാരതത്തിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം നിറഞ്ഞ് നിന്ന് വലിയ ബിസിനസ് സാമ്രാജ്യം നയിച്ചിട്ടും സമ്പന്ന പട്ടികയിൽ ഇടം നേടാത്തത് ടാറ്റ ട്രസ്റ്റ് വഴി രാജ്യമെമ്പാടും നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാലാണ്. 2021ലെ കണക്കനുസരിച്ച് 103 ബില്യൺ യുഎസ് ഡോളറാണ് ടാറ്റാ ഗ്രൂപ്പിന്റെ വരുമാനം. അതേസമയം ടാറ്റ കുടുംബത്തിന്റെയും കമ്പനിയുടെയും സമ്പത്തിന്റെ 66% ചാരിറ്റിയായി നൽകുന്ന പാരമ്പര്യമാണ് ടാറ്റ ട്രസ്റ്റിനുള്ളത്. ടാറ്റ സൺസിന്റെ ഇക്വിറ്റിയുടെ അറുപത്തിയാറു ശതമാനവും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. ട്രസ്റ്റുകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ലാഭവിഹിതം നേരിട്ട് ഒഴുകുന്നു. ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തൽ തുടങ്ങി രാജ്യത്തിന്റെ വികസനത്തിന് ഒരുപാട് സംഭാവനകൾ ടാറ്റ നൽകിയിട്ടുണ്ട്.

tata

തന്റെ മുൻഗാമികളെ പോലെ 82 വയസുള്ള രത്തൻ ടാറ്റയും രാജ്യത്തിന്റെ പൊതുനന്മയ്ക്കായി നിലകൊള്ളുന്നയാളാണ്. മികച്ച ചിന്തകളും, പ്രോത്സാഹനങ്ങളും നൽകി പുതുതലമുറയെ കൈപിടിച്ച് ഉയർത്താൻ എപ്പോഴും അദ്ദേഹം പരിശ്രമിക്കുന്നുണ്ട്. ധനികരുടെ പട്ടികയിൽ ഒരിക്കലും നിങ്ങൾക്ക് രത്തൻ ടാറ്റയെ കാണാൻ കഴിയില്ലായിരിക്കും, എന്നാൽ ഇന്ത്യക്കാരുടെ ഹൃദയത്തിൽ അദ്ദേഹത്തിനും ടാറ്റയ്ക്കും എന്നും ഒരു സ്ഥാനം ഉണ്ടാവും.