
ന്യൂഡൽഹി : ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്ന് എ.ഐ.എം.ഐ.എം മേധാവിയും എം.പിയുമായി അസദുദ്ദീൻ ഒവൈസി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് ഒവൈസിയുടെ പ്രതികരണം. രാജ്യത്തിന്റെ തകർന്ന സമ്പദ്‌വ്യവസ്ഥ, തൊഴിലില്ലായ്മ, കൽക്കരി ക്ഷാമം എന്നീ ഗുരുതര വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ ബി.ജെ.പി നേതാക്കളുടെ ഏക ആശങ്ക ഇപ്പോൾ ഏകീകൃത സിവിൽ കോഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിയമം ആവശ്യമില്ലെന്ന് നിയമ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഒവൈസി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച ബിൽ പാർലമെന്റിൽ ഒരു വർഷത്തിനുള്ളിൽ അവതരിപ്പിച്ചേക്കുമെന്നാണു സൂചന. ഉത്തരാഖണ്ഡിൽ നടപ്പാക്കാൻ പോകുന്നത് ഇതിന്റെ 'പൈലറ്റ്' പദ്ധതിയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഭോപാലിൽ ബി.ജെ.പി യോഗത്തിൽ പറഞ്ഞിരുന്നു. ഏകീകൃത സിവിൽ കോഡിന്റെ കരടു തയാറാക്കാനുളള വിദഗ്ദ്ധസമിതി രൂപീകരിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലായിൽ വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്ക്ക് മതാടിസ്ഥാനത്തിലുള്ള നിയമങ്ങൾക്കു പകരം ഒരു പൊതു നിയമം നിലവിൽ വരും.