imran-

ഇസ്ലാമാബാദ്: കഴിഞ്ഞ വ്യാഴാഴ്ച സൗദി അറേബ്യ സന്ദർശനത്തിനിടെ മദീന പള്ളിയിൽ വച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെ‌ഹ്‌ബാസ് ഷെരീഫിന് നേരെ പാക് തീർത്ഥാടകർ പ്രതിഷേധം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇമ്രാൻ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ഫവാദ് ചൗധരി, ഷെയ്ഖ് റഷീദ് എന്നിവരുൾപ്പെടെ മറ്റ് 150 പേർക്കുമെതിരെയും കേസെടുത്ത് പാകിസ്ഥാനിലെ പഞ്ചാബ് പൊലീസ്.

ഫൈസലാബാദ് സ്വദേശിയുടെ പരാതിയിലാണ് മദീനയിലെ പ്രവാചകന്റെ പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തിയെന്നുൾപ്പെടെയുള്ള കു​റ്റങ്ങൾ ചുമത്തി കേസെടുത്തത്. ഷെഹ്ബാസിനെ അപമാനിക്കാൻ ഇമ്രാൻ തന്റെ അണികളെ സൗദിയിലേക്ക് അയച്ചെന്നാണ് ആരോപണം. അതേ സമയം, ആരോപണം ഇമ്രാൻ നിഷേധിച്ചു.

ഇമ്രാൻ ഖാൻ അനുകൂലികളായ തീർത്ഥാടകർ ഷെഹ്‌ബാസിനെ ' കള്ളൻ ' എന്ന് വിളിച്ച് പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ 5 പേരെ സൗദി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.