p

ബേപ്പൂർ: കെട്ടിട നിർമാണ സാമഗ്രികളുമായി ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് പോയ ഉരുഉൾക്കടലിൽ മുങ്ങി. ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ ഒന്നരയോടെ ബേപ്പൂരിൽ നിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെയാണ് എം.എസ്.വി ലൈറ്റ് എന്ന യന്ത്രവത്കൃത ഉരു മുങ്ങിയത്.

ബേപ്പൂർ സ്വദേശി അബ്ദുൽ റസാഖിന്റേതാണ് ഉരു. കാലാവസ്ഥ മോശമായി വെള്ളം കയറി എൻജിൻ ഓഫായതാണ് അപകട കാരണം. ഒരുകോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാരെ ഇന്നലെ രാവിലെ ആറേകാലോടെ ബേപ്പൂർ തുറമുഖത്തെത്തിച്ചു. പശുക്കളും ഉരുവിൽ ഉണ്ടായിരുന്നു. മാർച്ചിലും ബേപ്പൂരിൽ നിന്ന് പോയ ഉരു അപകടത്തിൽപ്പെട്ടിരുന്നു.