
ന്യൂഡൽഹി: രാജ്യത്ത് ഏപ്രിൽ മാസത്തെ ചരക്കുസേവനനികുതി (ജി.എസ്.ടി) വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരമായ 1.68 ലക്ഷം കോടി രൂപയിലെത്തി. 2021ഏപ്രിൽമാസത്തെ ജി.എസ്.ടി വരുമാനത്തേക്കാൾ 20 ശതമാനം വർദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കേന്ദ്രധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രിലിൽ 1.06 കോടി ജി.എസ്.ടി റിട്ടേണുകളാണ് ഫയൽചെയ്തത്. ആകെയുള്ള ജി.എസ്.ടി വരുമാനത്തിൽ 33,159 കോടിരൂപ കേന്ദ്ര ജി.എസ്.ടിയും 41,793 കോടിരൂപ സംസ്ഥാനങ്ങളിൽ നിന്നുള്ള ജി.എസ്.ടി വരുമാനവുമാണ്. കൂടാതെ, ഇന്റഗ്രേറ്റഡ് ജി.എസ്.ടി 81,939 കോടിരൂപയും 10,649 കോടിരൂപ സെസുമാണ്. അതേസമയം, 2022 മാർച്ച് മാസത്തിലെ ജി.എസ്.ടി വരുമാനം 1.42 ലക്ഷം കോടി രൂപയായിരുന്നു. ഇതോടെ തുടർച്ചയായ ഏഴാമത്തെ മാസവും രാജ്യത്തെ ജി.എസ്.ടി വരുമാനം 1.30 ലക്ഷം കടന്നു.
കൃത്യസമയത്ത് റിട്ടേൺ ഫയൽചെയ്യാൻ നികുതിദായകരെ പ്രേരിപ്പിക്കുന്നതിന് അഡ്മിനിസ്ട്രേഷൻ വിഭാഗം നടപടികൾ സ്വീകരിച്ചതാണ് ഉയർന്ന ജി.എസ്.ടി വരുമാനം നേടാൻ സഹായിച്ചതെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നികുതിവെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒരു മാസത്തെ ജി.എസ്.ടി വരുമാനത്തിലെ വർദ്ധന(മാർച്ച്-ഏപ്രിൽ): 25,000 കോടിരൂപ
മാർച്ചിൽ : 1,42,095 കോടി രൂപ
ഏപ്രിലിൽ : 1,67,540 കോടി രൂപ