
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നാളെ കേരളം വെസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം കിരീടം ലക്ഷ്യമിട്ട് 15 ാം ഫൈനലിന് കേരളം നാളെ ഇറങ്ങുമ്പോൾ 46 ാം ഫൈനലിനാണ് ബംഗാൾ ഒരുങ്ങുന്നത്. അതിൽ 32 തവണയും ബംഗാൾ ചാമ്പ്യൻമാരാകുകയും ചെയ്തു.
ഇത് നാലാം തവണയാണ് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കേരളവും ബംഗാളും നേർക്കുനേർ വരുന്നത്. 1989,1994 വർഷങ്ങളിലെ ഫൈനലിൽ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിന്റെ സ്വന്തം മൈതാനത്ത് വെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പർ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്.
സെമിയിൽ കർണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്. ചാമ്പ്യൻഷിപ്പിൽ തോൽവി അറിയാതെയാണ് കേരളത്തിന്റെ മുന്നേറ്റം. ആക്രമണനിര തന്നെയാണ് ടീമിന്റെ ശക്തി. ക്യാപ്ടൻ ജിജോ ജോസഫും അർജുൻ ജയരാജും അണിനിരക്കുന്ന മദ്ധ്യനിര ഇതിനോടകം തന്നെ നിരവധി പേരുടെ പ്രശംസ ഏറ്റുവാങ്ങികഴിഞ്ഞു.
സൂപ്പർ സബുകളായ ജെസിനും നൗഫലുമാണ് ടീമിന്റെ മറ്റൊരു ശക്തി. അർജ്ജുൻ ജയരാജ്, അജയ് അലക്സ്, ജെസിൻ എന്നിവർക്ക് ചെറിയ പരിക്കുണ്ടെന്നും എന്നാൽ ഇത് പരാതി പറഞ്ഞു നിൽക്കേണ്ട സമയമല്ലെന്നും കേരളത്തിന്റെ പരിശീലകൻ ബിനോ ജോർജ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ കർണാടകയ്ക്കെതിരായ സെമിഫൈനലിന് ശേഷം ടീമിന് വിശ്രമിക്കാൻ സമയം കിട്ടിയതിനാൽ താരങ്ങൾക്ക് ശാരീരികക്ഷമത വീണ്ടെടുക്കാൻ അവസരം ലഭിച്ചത് കേരളത്തെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്.
സെമിയിൽ 30 ാം മിനുട്ടിൽ പകരക്കാരനായി എത്തി അഞ്ച് ഗോൾ നേടിയ ജെസിൻ പരിക്കിൽ നിന്ന് മോചിതനായാൽ വിഗ്നേഷിന് പകരം ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. എന്നാൽ ടീമിൽ ഒരു വലിയ അഴിച്ചു പണിക്ക് സാധ്യതയില്ല. പ്രതീക്ഷക്കൊത്ത് പ്രതിരോധം ഉയരുന്നില്ല എന്നതാണ് ടീമിന്റെ തലവേദന. ഇതുവരെ ആറ് ഗോളുകളാണ് കേരളം വഴങ്ങിയത്.
സെമിയിൽ ഇന്ത്യൻ ഫുട്‌ബോൾ പവർഹൗസ് മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ബംഗാൾ ഫൈനലിന് യോഗ്യത നേടിയത്. അറ്റാക്കിംഗ് തന്നെയാണ് ടീമിന്റെയും പ്രധാന ശക്തി. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തോട് രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം ബംഗാൾ മികച്ച പ്രകടനമാണ് ചാമ്പ്യൻഷിപ്പിൽ കാഴ്ചവെച്ചത്. മദ്ധ്യനിരയിൽ നിന്ന് ഇരുവിങ്ങുകൾ വഴി ആക്രമിക്കുന്നതാണ് ബംഗാളിന്റെ ശൈലി. സ്‌ട്രൈക്കർമാരായ ഫർദിൻ അലി മെല്ലായും ദിലിപ് ഓർവാനും മികച്ച ഫോമിലാണ്.