
കീവ് : യുക്രെയിനിലെ തുറമുഖ നഗരമായ ഒഡേസയിലെ പ്രധാന വിമാനത്താവളത്തിൽ പുതിയതായി നിർമ്മിച്ച റൺവേയും റൺവേയ്ക്ക് സമീപത്തായി സൂക്ഷിച്ചിരുന്ന അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും എത്തിച്ച ആയുധങ്ങളും തകർത്ത് തരിപ്പണമാക്കിയെന്ന് റഷ്യ.
ക്രൈമിയയിൽ നിന്നും ബാസ്റ്റിൻ മിസൈലാണ് റഷ്യ ഒഡേസയ്ക്ക് നേരെ തൊടുത്തുവിട്ടതെന്നാണ് റിപ്പോർട്ട്. ഒഡേസ എയർപോർട്ടിന്റെ റൺവേ തകർന്ന വിവരം യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചു.
ഒഡേസ എയർപോർട്ടിലെ റൺവെ പുനർനിർമ്മിക്കുമെന്ന് സെലെൻസ്കി പറഞ്ഞു. റഷ്യയ്ക്കിതുവരെ 23,000 സൈനികരെയും 200ഓളം യുദ്ധ വിമാനങ്ങളും 1,000ത്തിലേറെ ടാങ്കുകളും നഷ്ടമായെന്ന് സെലെൻസ്കി ആരോപിച്ചു.
മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ കുടുങ്ങിക്കിടക്കുന്ന സിവിലിയൻമാരെ രക്ഷിക്കാനുള്ള നടപടികൾ തുടരുന്നതായി യു.എൻ അറിയിച്ചു. 66 പേരെ ഇന്നലെയും കഴിഞ്ഞ ദിവസവുമായി ഇവിടെ നിന്ന് ഒഴിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു.
കിഴക്കൻ യുക്രെയിനിൽ ഇന്നലെയും വ്യാപക ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്തു. ഖേഴ്സണിൽ യുക്രെയിൻ നടത്തിയ ഷെല്ലാക്രമണത്തിൽ സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് റഷ്യ ആരോപിച്ചു. യുക്രെയിൻ അതിർത്തിയ്ക്ക് സമീപം റഷ്യയിലെ തെക്കൻ ബെൽഗൊറോഡിൽ റഷ്യൻ പ്രതിരേധ മന്ത്രാലയ സംവിധാനത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുണ്ട്.
പെലോസിയും ജോളിയും യുക്രെയിനിൽ
യുക്രെയിനിൽ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി. പോരാട്ടത്തിന്റെ അവസാനം വരെ യുക്രെയിനോടൊപ്പമുണ്ടാകാൻ തങ്ങൾ പ്രതിജ്ഞാബന്ധമാണെന്ന് പെലോസി സെലെൻസ്കിയോട് പറഞ്ഞു.
അതേ സമയം, ഹോളിവുഡ് സൂപ്പർ താരം ആഞ്ചലീന ജോളിയും യുക്രെയിനിലെത്തി. ശനിയാഴ്ച ലിവീവ് നഗരത്തിലെത്തിയ ആഞ്ചലീന റെയിൽവേ സ്റ്റേഷനിലെ യുക്രെയിൻ അഭയാർത്ഥികളെയും വോളന്റിയർമാരെയും കുട്ടികളെയും സന്ദർശിച്ചു. യു.എന്നിന്റെ അഭയാർത്ഥി ഏജൻസിയുടെ പ്രത്യേക പ്രതിനിധിയാണ് ആഞ്ചലീന.